സി.പി.എം കാലുവാരിയെന്ന വികാരം പാർട്ടിക്കുണ്ട്: ശ്രേയാംസ്‌കുമാർ
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിൽ ആർ.ജെ.ഡിയെ പ്രാദേശികമായി സി.പി.എം കാലുവാരിയെന്ന വികാരം പാർട്ടിക്കുള്ളിലുണ്ടെന്ന് ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ്‌കുമാർ. കാരണം പരിശോധിച്ച് ആവശ്യമായ തിരുത്തൽ വരുത്തണം. ആർ.ജെ.ഡിക്ക് കൗൺസിലറില്ലാത്ത സാഹചര്യം ആദ്യമായിട്ടാണെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് എൽ.ഡി.എഫ് വിശകലനം ചെയ്യണം. തിരുത്തേണ്ട കാര്യങ്ങൾ തിരുത്തണം. ആർ.ജെ.ഡിക്ക് എൽ.ഡി.എഫിൽ അർഹമായ പരിഗണന ലഭിച്ചിട്ടില്ല. അതിനർത്ഥം മുന്നണി മാറുമെന്നല്ല. ആശയപരമായ യോജിപ്പിന്റെ അടിസ്ഥാനത്തിലാണ് എൽ.ഡി.എഫിൽ നിൽക്കുന്നത്. അർഹമായ പരിഗണനയില്ലെന്ന പരാതി പരിഹരിക്കാൻ തടസം നിൽക്കുന്ന ചിലർ മുന്നണിക്കകത്തുണ്ട്. സി.പി.എം അല്ലാത്ത ചില പാർട്ടികളാണത്. എല്ലാ ജില്ലകളിലും സീറ്റ് കുറഞ്ഞതിൽ പരാതികളുണ്ട്. പരാതികൾ ഉന്നയിക്കേണ്ട വേദികളിൽ ഉന്നയിക്കും. പാരഡി ഗാനത്തെ ഹാസ്യമായി കണ്ടാൽ മതി. ഇതുപോലെ ധാരാളം ഗാനങ്ങൾ മുമ്പും ഇറങ്ങിയിട്ടുണ്ട്. സ്വർണപ്പാളി കേസിലെ കുറ്റക്കാർക്കെതിരെ പാർട്ടി നടപടി എടുത്തിരുന്നെങ്കിൽ ജനങ്ങൾക്ക് ഇടതുമുന്നണിയെ കൂടുതൽ വിശ്വാസം വരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.