ബംഗളൂരുവിലും തമിഴ്‌നാട്ടിലും നിന്നെത്തിക്കുന്ന സാധനത്തിന് കേരളത്തിൽ നിറയെ ആവശ്യക്കാർ, വരവ് ബൈക്കിൽ

Thursday 18 December 2025 12:58 AM IST

നെയ്യാറ്റിൻകര: ഡിസംബർ മാസം പിറന്നതോടെ തമിഴ്നാട് കേരള അതിർത്തിയിൽ രാസലഹരിക്കടത്തുകാരുടെ ചാകരയാണ്. തമിഴ്നാട്ടിൽ നിന്നും ബംഗളൂരുവിൽ നിന്നും കൊണ്ടുവരുന്ന എം.ഡി.എം.എക്കാണ് ഇപ്പോൾ ഡിമാന്റ്. അമരവിള, പെരുങ്കടവിള, അരുവിപ്പുറം, കള്ളിക്കാട് തുടങ്ങിയ ചെക്ക് പോസ്റ്റുകളിലെ പരിശോധകരെ വെട്ടിച്ചാണ് ലഹരിവസ്തുക്കൾ എത്തിക്കുന്നത്. ഒരുകാലത്ത് വ്യാജ സ്പിരിറ്റ് കടത്തിയിരുന്ന വഴികളിലൂടെയെല്ലാം ഇപ്പോൾ എം.ഡി.എം.എ ക്യാരിയേഴ്സിന്റെ കുത്തൊഴുക്കാണ്. ട്രെയിൻ മാർഗവും വോൾവോ ബസിലും മറ്റുമായിരുന്നു മുൻപ് കടത്തുണ്ടായിരുന്നത്.

അടുത്തിടെ നെയ്യാറ്റിൻകര എക്‌സൈസ് സർക്കിൾ ഓഫീസ് സ്‌പെഷ്യൽ ഡ്രൈവ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 5 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായി.ബാലരാമപുരം സ്വദേശിയായ അസറുദ്ദീനെയും ബാലരാമപുരം മുക്കോല സ്വദേശിയായ സ്റ്റീവിനെയുമാണ് അറസ്റ്റ് ചെയ്തത്.

നെയ്യാറ്റിൻകര എക്‌സൈസ് സർക്കിൾ റേഞ്ചിൽ 6 മാസത്തിനിടെ 247നാർക്കോട്ടിക് കേസുകൾ പിടികൂടിയിട്ടുണ്ട്. 325 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു.

ലഹരിക്കടത്തിന്റെ വഴികൾ

ബാംഗ്ളൂരിലെ തെരുവുകളിൽ ലഭിക്കുന്ന വിലകുറഞ്ഞ എം.ഡി.എം.എക്ക് ഗ്രാമിന് 2000-2400 രൂപ വരെയാണ് വില. അത് കേരളത്തിലെത്തിച്ച് ഗ്രാമിന് 3500-3800രൂപയ്ക്കാണ് വിൽക്കുന്നത്. ഗുളിക രൂപത്തിലും പൊടിരൂപത്തിലും ലഭിക്കുന്ന എം.ഡി.എം.എയിൽ ഗുളികയ്ക്കാണ് ഡിമാന്റേറെ. സ്റ്റേറ്റ് ഹൈവേയിൽ പരിശോധന കർശനമാക്കിയതോടെ കന്യാകുമാരി-കാരോട് ബൈപ്പാസ് വഴി ബൈക്കുകളിലാണ് കടത്ത് കൂടുതലും. ക്യാരിയർമാരിൽ ബാംഗ്ളൂർ മുതൽ കൊല്ലം എറണാകുളം വരെ ബൈപ്പാസ് വഴി ലഹരി കടത്തുന്നവരും ഏറെയാണ്.