ഞാൻ വിധിയുടെ ഇര : ലതികാ സുഭാഷ്
കോട്ടയം: എല്ലാ തിരഞ്ഞെടുപ്പിലും ഇടതു മുന്നണി സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തെത്തുന്ന വാർഡിൽ മത്സരിപ്പിച്ച് കെട്ടി വച്ച കാശ് നഷ്ടമാക്കിയ എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ് വേദനയോടെ പറയുന്നു:
' വിധിയുടെ ഇരയാണ് ഞാൻ. സംസ്ഥാന നേതാക്കൾ നിർബന്ധിച്ചതു കൊണ്ടാണ് മത്സരിച്ചത്'.കോട്ടയം നഗരസഭ തിരുനക്കര വാർഡിൽ മത്സരിക്കുന്നതിനായി വനം
വികസന കോർപറേഷൻ ചെയർപേഴ്സൺ സ്ഥാനം രാജിവച്ചിരുന്നു. സ്ഥാനം വീണ്ടും ഏറ്റെടുക്കാൻ വനം മന്ത്രി എ.കെ. ശശീന്ദ്രനും പാർട്ടി നേതാക്കളും ആവശ്യപ്പെട്ടെങ്കിലും ഇനിയില്ല"- ലതിക കേരള കൗമുദിയോട് വ്യക്തമാക്കി.
മൂന്നു പേർ മത്സരിച്ച വാർഡിൽ 424 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി സുശീല ഗോപകുമാർ ജയിച്ചത്. 279 വോട്ടു ലഭിച്ച എൻ.ഡി.എ സ്ഥാനാർത്ഥി രണ്ടാമതെത്തി. ലതികാ സുഭാഷിന് 113 വോട്ടാണ് ലഭിച്ചത്. എൻ.സി.പിക്ക് എൽ.ഡി.എഫ് നൽകിയ ഏക സീറ്റിൽ മുതിർന്ന നേതാവ് പി.സി. ചാക്കോയും മന്ത്രി വി.എൻ. വാസവനും ആവശ്യപ്പെട്ടതനുസരിച്ചാണ് മത്സരിച്ചത്. സുരേഷ് കുറുപ്പിന്റെ വീടുള്ള വാർഡിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കുറുപ്പിന് ലീഡ് കിട്ടാത്തിടത്താണ് മത്സരിച്ചത്. ദയനീയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ആരോടും പരിഭവമില്ല. ആരെങ്കിലും കാലു വാരിയെന്ന പരാതിയുമില്ല.
കോൺഗ്രസ് ആവശ്യപ്പെട്ടു, വി.എസിനെതിരെ മത്സരിച്ചു
നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴയിൽ മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരെ മത്സരിക്കണമെന്ന് ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടതനുസരിച്ചാണ് സ്ഥാനാർത്ഥിയായത്. മഹിളാ കോൺഗ്രസിൽ നിന്ന് ആർക്കും സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ച് ഇന്ദിരാഭവനു മുന്നിൽ തലമൊട്ടയടിച്ച് പ്രതിഷേധിച്ചത്. ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്രയായി മത്സരിച്ചപ്പോൾ എട്ടു ലക്ഷം രൂപയുടെ കടമുണ്ടായി. നഗരസഭാ വാർഡിലേക്കുള്ള മത്സരത്തിൽ ആർഭാടം കുറച്ചിട്ടും സാമ്പത്തിക ബാദ്ധ്യത വന്നു. തോൽവിയിൽ കടുത്ത സൈബർ ആക്രമണവും നേരിടുകയാണ്- ലതിക പറഞ്ഞു.