സയനൈഡ് നൽകിയത് പെരുച്ചാഴിയെ കൊല്ലാൻ, കേസിൽ താൻ നിരപരാധിയെന്ന് പ്രജികുമാർ

Thursday 10 October 2019 11:23 AM IST

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിൽ പ്രതിയായ മാത്യുവാണ് തന്റെ പക്കൽ നിന്നും സയനൈഡ് വാങ്ങിയതെന്ന് കേസിലെ പ്രതിയും സ്വർണപണിക്കാരനുമായ പ്രജികുമാർ പറഞ്ഞു. പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞാണ് മാത്യു തന്റെ കൈയിൽ നിന്ന് സയനൈഡ് വാങ്ങിയതെന്നും പ്രജികുമാർ വ്യക്തമാക്കി.

കേസിൽ താൻ നിരപരാധിയാണെന്നും പ്രജികുമാർ പറഞ്ഞു. നേരത്തെ അന്വേഷണസംഘം ചോദ്യം ചെയ്തപ്പോൾ മാത്യുവിനെ പരിചയമില്ലെന്നായിരുന്നു പ്രജികുമാർ പറഞ്ഞത്. എന്നാൽ, അറസ്റ്റിലാകുന്നതിന് തലേദിവസവും പ്രജികുമാറും മാത്യുവും ദീർഘനേരം ഫോണിൽ സംസാരിച്ചിരുന്നു എന്നതിന്റെ തെളിവ് അടക്കം പൊലീസിന് ലഭിച്ചിരുന്നു. അതേസമയം, ജോളിക്ക് സയനൈഡ് നൽകിയെന്ന് മാത്യു സമ്മതിച്ചിട്ടുണ്ട്.

എന്നാൽ, ഒരു തവണ മാത്രമേ താൻ സയനൈഡ് നൽകിയിട്ടുള്ളൂ എന്നും എന്തിനാണ് ജോളി സയനൈഡ് വാങ്ങിയതെന്ന് അറിയില്ലെന്നുമാണ് മാത്യു നേരത്തെ പൊലീസിനോട് പറ‌ഞ്ഞത്. കേസിലെ പ്രതികളായ ജോളി, പ്രജികുമാർ, മാത്യു എന്നിവരെ ജയിലിൽ നിന്നും കോടതിയിൽ ഹാജരാക്കി.