കുരച്ചാലും പുറത്ത് കേൾക്കില്ല..!

Thursday 18 December 2025 3:00 AM IST

തിരുവനന്തപുരം: തലസ്ഥാനത്തെ തെരുവ് നായ്ക്കളുടെ പ്രശ്നം പരിഹരിക്കുന്നതിനായി അത്യാധുനിക എ.ബി.സി സെന്റർ തിരുവല്ലത്ത് സ്ഥാപിക്കാനൊരുങ്ങുന്നു. ചെന്നൈയിലെ പുതിയ സെന്റർ മാതൃകയിലാണ് ആനിമൽ ബർത്ത് കൺട്രോൾ സെന്ററും വെറ്ററിനറി ആശുപത്രിയും സ്ഥാപിക്കാൻ നഗരസഭ നടപടി തുടങ്ങിയിരിക്കുന്നത്. പ്രതിദിനം 40 നായ്ക്കളെ വരെ അണുവിമുക്തമാക്കുകയാണ് ലക്ഷ്യം.

ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന്റെ നേതൃത്വത്തിൽ വണ്ടിത്തടത്ത് സ്ഥാപിച്ച അത്യാധുനിക എ.ബി.സി സെന്ററിൽ പ്രതിദിനം 30 നായ്ക്കളെ അണുവിമുക്തമാക്കുന്നുണ്ട്. 7 കോടി ചെലവിലാണ് ഈ പദ്ധതി നടപ്പാക്കിയത്.ഇതേ മാതൃകയിൽ തിരുവല്ലത്തും എ.ബി.സി സെന്റർ സ്ഥാപിക്കാനാണ് പദ്ധതി.പ്രാഥമിക അംഗീകാരം ലഭിച്ചാൽ അടുത്ത മാസത്തോടെ ചെന്നൈയിലെ സെന്റർ സന്ദർശിച്ച് അന്തിമരൂപം നൽകുമെന്ന് നഗരസഭ അധികൃതർ പറഞ്ഞു.

 4.5 കോടി ചെലവ്

 200 തെരുവ് നായ്ക്കളെ പുനരധിവസിപ്പിക്കാനുള്ള ഷെൽട്ടർ

 പ്രതിദിനം 40 നായ്ക്കളെ സ്റ്റെറിലൈസ് ചെയ്യാം

 മെഡിസിനുകൾക്കായി ഫാർമസി

 വളർത്ത് നായ്ക്കൾക്ക് ലൈസൻസിന് സംവിധാനം

 കോൺഫറൻസ് റൂം

ഫുൾ സൗണ്ട് പ്രൂഫ്

നായ്ക്കളുടെ കുര പുറത്തുവരാത്ത വിധത്തിൽ ഫുൾ സൗണ്ട് പ്രൂഫ് സംവിധാനമുണ്ടാക്കും.വലയും വേലിയുമല്ലാതെ പൂർണമായി കവർ ചെയ്ത രീതിയിലാണ് സെന്റർ സജ്ജമാക്കുക.പെറ്റ് എമർജൻസി വിഭാഗവും മൾട്ടി സ്‌പെഷ്യാലിറ്റി വിഭാഗങ്ങളുമുണ്ടാകും.ഓപ്പറേഷൻ സെന്റർ,സ്റ്റെറലൈസിംഗ് സെന്റർ എന്നിവ എ.സിയാക്കും.നായ്ക്കളുടെ പുനരധിവാസ കേന്ദ്രവും എ.ബി.സി സെന്ററും സ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരെ പൊതുജനങ്ങൾ പ്രധാനമായും എതിർപ്പുയർത്തുന്നത് നായ്ക്കളുടെ കുരയും മറ്റ് പരിസ്ഥിതി മലിനീകരണവുമാണ്. പുതിയ സെന്ററിൽ മലിനീകരണം ഉണ്ടാകാതിരിക്കാനുള്ള ശാസ്ത്രീയ സംവിധാനങ്ങളും ഏർപ്പെടുത്തുന്നുണ്ട്.

8600 തെരുവ് നായ്ക്കൾ

നഗരത്തിലെ 8600 തെരുവ് നായ്ക്കളെ അണുവിമുക്തമാക്കാനുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഒരു വർഷത്തിനുള്ളിൽ ഇവയെ പൂർത്തിയാക്കാനാണ് ഉദ്ദേശം.പേട്ടയിലും തിരുവല്ലത്തും നിലവിലുള്ള സ്റ്റെറിലൈസിംഗ് സെന്ററുകളിൽ പ്രതിദിനം പത്തോളം നായ്ക്കളെയാണ് അണുവിമുക്തമാക്കുന്നത്. ഇത്രയധികം നായ്ക്കളെ അണുവിമുക്തമാക്കാൻ നിലവിലുള്ളവ അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ പദ്ധതി തയ്യാറാക്കുന്നത്.