വെനസ്വേലയ്ക്ക് മേൽ പിടിമുറുക്കി യു.എസ്
Thursday 18 December 2025 6:27 AM IST
കാരക്കാസ്: വെനസ്വേലയ്ക്ക് മേൽ സമ്മർദ്ദം ശക്തമാക്കി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെനസ്വേലയിലേക്ക് വരികയും പോവുകയും ചെയ്യുന്ന എണ്ണ ടാങ്കറുകളെ യു.എസ് തടയും. യു.എസ് ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള കപ്പലുകൾക്കാണ് നടപടി ബാധകം. ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള കപ്പലുകൾ വെനസ്വേലയിൽ നിന്ന് രഹസ്യമായി എണ്ണ കടത്തുന്നെന്നാണ് യു.എസിന്റെ ആരോപണം. ഉപരോധത്തിന്റെ പേരിൽ മാർഷൽ ഐലൻഡ്സ് ആസ്ഥാനമായുള്ള കമ്പനിയുടെ എണ്ണക്കപ്പൽ അടുത്തിടെ യു.എസ് വെനസ്വേല തീരത്ത് നിന്ന് പിടിച്ചെടുത്തിരുന്നു. വെനസ്വേലയിൽ നിന്നുള്ള ഏകദേശം 18 ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് കപ്പലിൽ ഉണ്ടായിരുന്നത്. അതേ സമയം, വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ നേതൃത്വത്തിലെ ഭരണകൂടത്തെ വിദേശ ഭീകരസംഘടനയായി ട്രംപ് സർക്കാർ പ്രഖ്യാപിച്ചു. മയക്കുമരുന്ന് കടത്തിന്റെ പേരിലാണ് നടപടി.