ഉദ്യോഗസ്ഥരെ വിരട്ടി കാര്യങ്ങൾ നടത്തും,​ പണം വാങ്ങി സ്ഥലം മാറ്റും; ജയിൽ ഡിഐജിക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

Thursday 18 December 2025 7:34 AM IST

തിരുവനന്തപുരം: ജയിൽ ഡിഐ‌ജി വിനോദ് കുമാറിനെതിരായ കോഴക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനിയുടെ ബന്ധുവിൽ നിന്നും വിനോദ് കുമാർ കൈക്കൂലി വാങ്ങിയെന്നാണ് വിവരം. ഗൂഗിള്‍ പേ വഴിയാണ് സുനിയുടെ അടുത്ത ബന്ധുവിൽ നിന്നും വിനോദ് കുമാർ പണം വാങ്ങിയത്. എട്ട് തടവുകാരുടെ ബന്ധുക്കളിൽ നിന്നും ഡിഐജി നേരിട്ട് പണം വാങ്ങിയതിന്റെ തെളിവുകളും വിജിലൻസിന് ലഭിച്ചു.

പരോളിനും ജയിലിൽ സൗകര്യങ്ങളൊരുക്കാനും വിനോദ് കുമാർ തടവുകാരുടെ ബന്ധുക്കളിൽ നിന്നും പണം വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പരോള്‍ നൽകാനും പരോള്‍ നീട്ടി നൽകാനും തടവുകാരുടെ ബന്ധുക്കളിൽ നിന്നും പണപ്പിരിവ്, ജയിനുള്ളിൽ സൗകര്യങ്ങളൊരുക്കാനും സ്ഥലം മാറ്റത്തിനും കൈക്കൂലി വാങ്ങി എന്നിവയാണ് ഉദ്യോഗസ്ഥനെതിരായ ആരോപണങ്ങൾ.

വിനോദ് കുമാറിന്റെ വഴിവിട്ട നടപടികൾ മാസങ്ങളായി വിജിലൻസ് നിരീക്ഷിച്ചുവരുകയായിരുന്നു. ഭരണ നേതൃത്വവുമായി അടുപ്പമുള്ള ജയിൽ ആസ്ഥാന ഡിഐജി, സ്വാധീനമുപയോഗിച്ച് ജയിൽ സൂപ്രണ്ടുമാരെയും മറ്റ് ഉദ്യോഗസ്ഥരെയും വിരട്ടി കാര്യങ്ങള്‍ നടത്തുമായിരുന്നുവെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. വിയ്യൂർ ജയിലിലെ തടവുകാർക്ക് സൗകര്യങ്ങള്‍ ചെയ്യുന്നതിനായി വിരമിച്ച ഉദ്യോഗസ്ഥനെ ഏജന്റാക്കി പണം വാങ്ങിയെന്നതിൽ വിജിലൻസിന് തെളിവ് ലഭിച്ചിട്ടുണ്ട്. തെക്കൻ കേരളത്തിലെ ഒരു സബ് ജയിലിലെ സൂപ്രണ്ടിൽ നിന്നും ഗൂഗിള്‍ പേയിലൂടെ പണം വാങ്ങിയതിനും തെളിവ് ലഭിച്ചതോടെയാണ് ഇന്നലെ കേസെടുത്തത്.

സ്ഥലംമാറ്റത്തിനും വിനോദ് കുമാർ ജീവനക്കാരിൽ നിന്നും പണം വാങ്ങിയിരുന്നുവെന്നാണ് വിവരം. വിനോദ് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവും അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിട്ടിട്ടുണ്ട്. മുൻപും പല കേസുകളിലും വിനോദ് കുമാർ ആരോപണവിധേയനായിട്ടുണ്ട്. രണ്ട് വട്ടം സസ്‌പെൻഷനിലായിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ ജയിലിന്റെയും ഭരണനിർമ്മാണവുമായി ബന്ധപ്പെട്ട് പ്രധാന ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണ് വിനോദ് കുമാർ.