നിതീഷ് കുമാർ മുഖാവരണം വലിച്ചുതാഴ്ത്തിയ മുസ്ലീം ഡോക്ടർ ജോലി ഉപേക്ഷിക്കുന്നു, അപമാനം താങ്ങാനാവുന്നതിനുമപ്പുറം
പാട്ന: ജോലിക്കുള്ള നിയമന ഉത്തരവ് നൽകുന്നതിനിടെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഹിജാബ് (മുഖാവരണം) വലിച്ചുതാഴ്ത്തിയ മുസ്ലീം ഡോക്ടർ നുസ്രത്ത് ജോലി ഉപേക്ഷിക്കുന്നു. കടുത്ത അപമാനം കാരണം ജോലിക്ക് ചേരുന്നില്ലെന്ന ഉറച്ച നിലപാടിലാണ് ഡോക്ടർ. തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ബന്ധുക്കളും കൂട്ടുകാരുമൊക്കെ ശ്രമിക്കുന്നുണ്ടെങ്കിലും അവർ വഴങ്ങുന്നില്ലെന്നാണ് റിപ്പോർട്ട്. ഈ മാസം ഇരുപതിനാണ് ജോലിക്ക് കയറേണ്ടത്.
ഇക്കഴിഞ്ഞ 15ന് ആയുഷ് ഡോക്ടർമാക്കുള്ള നിയമന ഉത്തരവ് നൽകുന്നതിനിടെയായിരുന്നു നിതീഷിൽനിന്ന് നുസ്രത്തിന് അപമാനം നേരിട്ടത്. ഉത്തരവ് നൽകുന്നതിനിടെ പൊടുന്നനെ ഹിജാബ് വലിച്ചുതാഴ്ത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. വേദിയിലുണ്ടായിരുന്ന ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി നിതീഷിനെ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങൾ പ്രചരിച്ചതോടെ നിതീഷ് കുമാറിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. നിതീഷിന്റെ മനോനില തകരാറിലാണെന്നും സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നുമാണ് പ്രതിപക്ഷം പറയുന്നത്. നിതീഷിന്റെ പ്രവൃത്തി അതി നീചമാണെന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്. ജെഡിയു- ബിജെപി സഖ്യത്തിന്റെ സ്ത്രീകളോടുള്ള മനോഭാവമാണ് നിതീഷിന്റെ പ്രവൃത്തിയിലൂടെ വ്യക്തമായതെന്നും സംസ്ഥാനത്ത് സ്ത്രീകൾ സുരക്ഷിതരല്ലെന്നതിന് തെളിവാണിതെന്നുമാണ് ആർജെഡി വക്താവ് പ്രതികരിച്ചത്.
സംഭവം വിവാദമായെങ്കിലും നിതീഷ് കുമാറോ, ബിജെപിയോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തോടും നിതീഷിനോടുമുള്ള ബിജെപിയുടെ മനോഭാവം എന്താണെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.