ചാരനോ വിരുന്നുകാരനോ? പതിനായിരത്തിലധികം കിലോമീറ്റർ താണ്ടി ജിപിഎസ് ഘടിപ്പിച്ചെത്തി കടൽകാക്ക
ബംഗളൂരു: ശരീരത്തിൽ ജിപിഎസ് ഉപകരണം ഘടിപ്പിച്ച നിലയിൽ കടൽപക്ഷിയെ കണ്ടെത്തി. ഉത്തര കന്നഡയിലെ കാർവാർ തീരത്താണ് സംഭവം. ഇന്നലെ പുലർച്ചെയാണ് കാർവാർ ബീച്ചിൽ ദേശാടന പക്ഷിയെ അവശനിലയിൽ കണ്ടെത്തിയത്. പക്ഷിയുടെ ശരീരത്തിൽ അസ്വാഭാവികമായ ഉപകരണം കണ്ട മത്സ്യതൊഴിലാളികളാണ് വനംവകുപ്പിനെ വിവരമറിയിച്ചത്.
നാവികസേനാ താവളം സ്ഥിതി ചെയ്യുന്ന മേഖലയായതിനാൽ പക്ഷിയെ ചാരപ്രവൃത്തിക്കായി ഉപയോഗിച്ചതാണെന്ന അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും ശാസ്ത്രീയ പഠനങ്ങളുടെ ഭാഗമായിട്ടാണ് ജിപിഎസ് ഘടിപ്പിച്ചിരുന്നതെന്ന് വനംവകുപ്പ് അറിയിച്ചു. ജിപിഎസിലെ വിവരങ്ങൾ പരിശോധിച്ചതിൽ നിന്നും ശ്രീലങ്കൻ വന്യജീവി സമിതിയാണ് പക്ഷിയെ ടാഗ് ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. ചൈനീസ് നിർമ്മിത ജിപിഎസ് ട്രാക്കറാണ് ഘടിപ്പിച്ചിരുന്നതെന്ന് തിരിച്ചറിഞ്ഞു.
ആർട്ടിക് മേഖലകളടക്കം പതിനായിരത്തിലധികം കിലോമീറ്റർ സഞ്ചരിച്ചാണ് പക്ഷി ഇവിടെയെത്തിയത്. ഐഎൻഎസ് കദംബ നാവിക താവളത്തിന് സമീപത്തായതിനാൽ പക്ഷിയെ ചാരവൃത്തിക്ക് ഉപയോഗിച്ചെന്ന തരത്തിൽ മാദ്ധ്യങ്ങളിലും സോഷ്യൽ മീഡിയയിലും അഭ്യൂഹങ്ങൾ പടർന്നിരുന്നു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പക്ഷിയെ രക്ഷപ്പെടുത്തി പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.
ദീർഘദൂര ദേശാടന പാതകളെക്കുറിച്ച് പഠിക്കുന്നതിന്റെ ഭാഗമായാണ് ടാഗിംഗ് നടത്തിയിരിക്കുന്നത്. നിസാര പരിക്കുകളേറ്റ പക്ഷി നിലവിൽ വനംവകുപ്പിന്റെ സംരക്ഷണയിലാണ് പാർപ്പിച്ചിരിക്കുന്നത്. ജിപിഎസ് ഉപകരണം നീക്കം ചെയ്തു. വന്യജീവി പഠനങ്ങളുടെ ഭാഗമായി ഇത്തരം ടാഗിംഗുകൾ സാധാരണമാണെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.