സുരേഷ് ഗോപി 'ടോട്ടൽ ലോസ്', ക്രിസ്ത്യൻ വോട്ടുപരീക്ഷണവും പാളി: അങ്കലാപ്പിൽ ബിജെപി
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി പയറ്റിവിജയിച്ച ക്രിസ്ത്യൻ വോട്ട് നേടാനുള്ള തന്ത്രങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിൽ എട്ടുനിലയിൽ പൊട്ടിയെന്ന് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ. തൃശൂരിൽ സുരേഷ് ഗോപി വിരുദ്ധതരംഗവും തിരിച്ചടിയായെന്ന വിലയിരുത്തലുമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലും വിജയിക്കുകയാണെങ്കിൽ നിയമസഭയിലും ഇതേ തന്ത്രം പയറ്റാനായിരുന്നു ബിജെപിയുടെ അണിയറ നീക്കം.
തൃശൂർ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വൻ വിജയം കണ്ടുമോഹിച്ച് അതുപോലുള്ളൊരു വിജയത്തിനായി ക്രിസ്ത്യൻ വോട്ടുകളിൽ കണ്ണുവച്ചുകൊണ്ടുള്ള തന്ത്രങ്ങളാണ് ബിജെപി തുടക്കത്തിലേ പയറ്റിയത്. ഇതിനായി തൃശൂരിലുൾപ്പെടെ പള്ളികളുടെ സഹായത്തോടെ സ്ഥാനാർത്ഥികളെ നിറുത്തുകപോലും ചെയ്തു. പക്ഷേ, ഫലം വന്നപ്പോൾ ആ ഡിവിഷനുകളിൽ എൻഡിഎ മുന്നണി സ്ഥാനാർത്ഥികൾക്ക് വൻ പരാജയമാണുണ്ടായത്. ക്രൈസ്തവ വോട്ടുകൾ ഏറക്കുറെ മുഴുവനും യുഡിഎഫിലേക്ക് എത്തുകയും അവരുടെ സ്ഥാനാർത്ഥികൾ വൻഭൂരിപക്ഷത്താേടെ വിജയിക്കുകമായിരുന്നു. കൃഷ്ണപുരം, മിഷൻ ക്വാർട്ടേഴ്സ്, ചേലക്കോട്ടുകര, നെട്ടിശ്ശേരി ഡിവിഷനുകളിലാണ് എൻഡിഎയ്ക്ക് ഇത്തരത്തിൽ അപ്രതീക്ഷിത തിരിച്ചടി കിട്ടിയത്. ഇവിടങ്ങളിൽ ജയിക്കുമെന്ന് മുന്നണി അമിത പ്രതീക്ഷയാണ് പുലർത്തിയിരുന്നത്.
തൃശൂരിലെ എംപി സുരേഷ് ഗോപിയുടെ പല പ്രവൃത്തികളും പാർട്ടി വോട്ടുകൾ ഉൾപ്പെടെ അകറ്റിയിട്ടുണ്ടെന്ന വിലയിരുത്തലും ബിജെപിക്കുണ്ടെന്നാണ് റിപ്പോർട്ട്. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുന്ന ജനപ്രതിനിധി എന്ന രീതിയിലല്ല മാടമ്പി മനഭാവത്തോടെയാണ് സുരേഷ് ഗോപി പെരുമാറുന്നതെന്ന് തുടക്കംമുതൽ തന്നെ ആരോപണമുയർന്നിരുന്നു. അദ്ദേഹത്തിന്റെ പല പ്രസ്താവനകളും പാർട്ടിക്ക് കനത്ത തിരിച്ചടിനൽകുന്നതാണെന്നും കേന്ദ്രമന്തിയെ കോമാളി ലുക്കിലാണ് ജനങ്ങൾ കണക്കാക്കുതെന്നും പലതവണ പ്രവർത്തകർ നേതൃത്വത്തെ അറിയിച്ചിരുന്നു. കേന്ദ്ര നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നതിനാൽ സുരേഷ് ഗോപിയെ പറഞ്ഞുവിലക്കാൻ ജില്ലാ, സംസ്ഥാന നേതാക്കൾക്കുമാകുന്നില്ല.
തലസ്ഥാന കോർപ്പറേഷനിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാനായെങ്കിലും അവിടെയും ക്രിസ്ത്യൻ പരീക്ഷണം അമ്പേ പരാജയപ്പെട്ടു. നാലാഞ്ചിറ, പാളയം, പൗണ്ടുകടവ് മേഖലകളിൽ നടത്തിയ പരീക്ഷണം പരാജയപ്പെട്ടു എന്നുമാത്രമല്ല എൻഡിഎ സ്ഥാനാർത്ഥികൾക്ക് വോട്ടും കുറഞ്ഞു. പിസി ജോർജിന്റെ സ്വാധീന മേഖലകളിൽ മാത്രമാണ് ക്രിസ്ത്യൻ വോട്ടുകൾ ബിജെപിയിലെത്തിയത്. എന്നാലിത് നാമമാത്രമായ പഞ്ചായത്തുകളിൽ മാത്രമായി ഒതുങ്ങി.
തൃശൂരിൽ ഉൾപ്പെടെ ചില നേതാക്കൾ പ്രചാരണ രംഗത്ത് കാര്യക്ഷമമായിരുന്നില്ല എന്നും വിലയിരുത്തലുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചിലർ പേരിനുവേണ്ടി രംഗത്തിറങ്ങിയെങ്കിലും നേതൃപരമായ പ്രവർത്തനം കാഴ്ചവയ്‌ക്കാൻ ഇവർക്കായില്ലെന്നും കണക്കുകൂട്ടുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ഇതി ഏതാനും മാസങ്ങൾ മാത്രമാണ് ശേഷിക്കുന്നതെന്നതിനാൽ ഇപ്പോഴത്തെ പ്രശ്നങ്ങൾ എങ്ങനെ തരണം ചെയ്യുമെന്നതിനെക്കുറിച്ചാണ് പാർട്ടി കേന്ദ്രങ്ങളിലെ തിരക്കിട്ട ചർച്ച. ചില തദ്ദേശ സ്ഥാപനങ്ങളിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞെങ്കിലും ശരിക്കും രാഷ്ട്രീയ പോരാട്ടം നടക്കുന്ന ജില്ലാ പഞ്ചായത്തുകളിൽ പാർട്ടിക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന് കാണം പാർട്ടി അടിത്തറ ശക്തമല്ലാത്തതാണ് കാരണമെന്ന് തിരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോൾ തന്നെ ചില ബിജെപി കേന്ദ്രങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു.