ലുലുമാളിലെത്തിയ നടിയ്ക്ക് ചുറ്റും ആരാധകർ തടിച്ചുകൂടി, വസ്ത്രം പിടിച്ച് വലിച്ചു; കാറിലേക്ക് കയറിയത് ഏറെ പാടുപെട്ട്‌

Thursday 18 December 2025 10:56 AM IST

താരങ്ങളെ കാണുമ്പോൾ ആരാധകർ അവരുടെയടുത്ത് പോയി ഫോട്ടോയും വീഡിയോയുമൊക്കെ എടുക്കാറുണ്ട്. എന്നാൽ താരങ്ങൾക്കും സ്വകാര്യതയുണ്ടെന്ന് പലപ്പോഴും ആരാധകർ ചിന്തിക്കാറില്ല. അത്തരമൊരു സംഭവമാണ് ഹൈദരാബാദിലെ ലുലു മാളിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.

പ്രഭാസിന്റെ പുതിയ ചിത്രമായ 'രാജാ സാബിലെ''സഹാന സഹാന' എന്ന ഗാനത്തിന്റെ റിലീസിനെത്തിയ നടി നിധി അഗർവാളിനാണ് ആരാധകരിൽ നിന്ന് ദുരനുഭവം ഉണ്ടായത്. പരിപാടി കഴിഞ്ഞ് പുറത്തേക്കിറങ്ങിയ നടിയ്ക്ക് ചുറ്റും ആരാധകർ തടിച്ചുകൂടി. ചിലർ നടിയുടെ വസ്ത്രമടക്കം പിടിച്ചുവലിച്ചു.

ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആൾക്കൂട്ടത്തിനിടയിൽപ്പെട്ടുപോയ നടിയെ പരിപാടിയുടെ സംഘാടകരോ മറ്റോ വളരെ പാടുപെട്ട് കാറിലേക്ക് കയറ്റിവിടുന്നതാണ് വീഡിയോയിലുള്ളത്. ആൾക്കൂട്ടത്തിനിടയിൽപ്പെട്ടുപോയ നടിയാകട്ടെ ആകെ പേടിച്ചിരിക്കുകയായിരുന്നു.

അസ്വസ്ഥത നടിയുടെ മുഖത്ത് പ്രകടമാണ്. ഏറെ പാടുപെട്ട് കാറിലേക്ക് കയറിയതും വസ്ത്രമെല്ലാം റെഡിയാക്കി, ആശ്വാസത്തോടെയിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിലാണ് ഇതിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. നിരവധി പേരാണ് കമന്റുമായെത്തിയത്. ആരാധകർക്ക് എന്തും കാണിക്കാനുള്ള അധികാരമില്ലെന്നും താരങ്ങൾക്കും സ്വകാര്യതയുണ്ടെന്നുമൊക്കെയാണ് കമന്റുകൾ.