നടുറോഡിൽ ശ്വാസം കിട്ടാതെ പിടഞ്ഞുവീണ യുവാവിനെ തിരിഞ്ഞുനോക്കാതെ വാഹനങ്ങൾ; ഭർത്താവിന്റെ ജീവനുവേണ്ടി കേണ് ഭാര്യ

Thursday 18 December 2025 11:53 AM IST

ബംഗളൂരു: സഹായത്തിന് ആരുമില്ലാതെ യുവാവ് നടുറോഡിൽ മരിച്ചു വീണു. ബംഗളൂരുവിൽ മെക്കാനിക്കായി ജോലിചെയ്യുന്ന വെങ്കട്ടരമണയാണ് (34) ഹൃദയാഘാതം മൂലം മരിച്ചത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.

പുലർച്ചെ 3:30ഓടെ നെഞ്ചുവേദന വന്ന വെങ്കട്ടരമണയെ ഭാര്യ രൂപയാണ് സ്‌കൂട്ടറിൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഡോക്ടറില്ലെന്ന് പറഞ്ഞ് ഇവരെ അധികൃതർ മടക്കി അയച്ചു. തുടർന്ന് മറ്റൊരു ആശുപത്രിയിൽ എത്തിച്ചപ്പോൾ ഇസിജിയിൽ ഹൃദയാഘാതം സ്ഥിരീകരിച്ചെങ്കിലും അവിടെയും അടിയന്തര ചികിത്സയോ ആംബുലൻസ് സൗകര്യമോ ഒരുക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്ന് ഭാര്യ ആരോപിച്ചു. വേറെ ഏതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചതല്ലാതെ മറ്റൊരു സഹായവും ലഭിച്ചില്ല.

മറ്റുവഴികളില്ലാതെ വന്നപ്പോൾ മറ്റൊരു ആശുപത്രിയിലേക്ക് തിരിക്കുന്നതിനിടെ കദിരേനഹള്ളി പാലത്തിന് സമീപം വെങ്കട്ടരമണ കുഴഞ്ഞുവീണു. റോഡിൽ ശ്വാസം കിട്ടാതെ പിടഞ്ഞ ഭർത്താവിനെ രക്ഷിക്കാൻ മറ്റു വാഹനങ്ങൾക്ക് കൈകാണിച്ച് സഹായിക്കാൻ രൂപ കൈകൂപ്പി അപേക്ഷിച്ചെങ്കിലും ആരും നിർത്തിയില്ല. നിരവധി കാറും ബൈക്കും ഇവർക്കരികിലൂടെ കടന്നുപോയിരുന്നു. ഏഴ് മിനിട്ടോളം നീണ്ട രൂപയുടെ അപേക്ഷകൾക്കൊടുവിൽ ഒരു കാർ നിർത്തി. അപ്പോഴേക്കും വെങ്കട്ടരമണ അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തനിക്ക് നേരിട്ട ദുരനുഭവം മറ്റാർക്കും ഉണ്ടാവരുതെന്ന് വിതുമ്പലോടെ രൂപ പറഞ്ഞു. 'സമ്പന്നരല്ലാത്തതിനാലാവാം ആശുപത്രി അധികൃതർ അവഗണിച്ചത്. കൃത്യസമയത്ത് ആരെങ്കിലും ഒന്ന് സഹായിച്ചിരുന്നെങ്കിൽ അദ്ദേഹം ഇന്നും കൂടെയുണ്ടായേനെ,' രൂപ മാദ്ധ്യമങ്ങളോട് പറഞ്ഞു. ബനാശങ്കരി ട്രാഫിക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് വെങ്കട്ടരമണയുടെ കുടുംബം.