'നിങ്ങൾ ചോദിക്കുന്ന ചോദ്യത്തിന് നിങ്ങൾ നേരത്തെ തന്നെ ഉത്തരം കണ്ടിരിക്കുന്നു'; ഭാഗ്യലക്ഷ്മിയുടെ ചോദ്യത്തിന് മോഹൻലാൽ അന്ന് നൽകിയ മറുപടി
നടൻ മോഹൻലാലിനെതിരെ നേരത്തെ ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരുന്നു. ദിലീപ് നായകനായ "ഭഭബ"യിൽ അതിഥിതാരമായി മോഹൻലാൽ എത്തുന്നുണ്ട്. നടിയെ ആക്രമിച്ച കേസിൽ വിധി വന്ന ദിവസം ആ സിനിമയുടെ പോസ്റ്റർ മോഹൻലാൽ പങ്കുവച്ചിരുന്നു. ഇതിനെയാണ് ഭാഗ്യലക്ഷ്മി വിമർശിച്ചത്.
'വിധി വരുന്ന അന്ന് തന്നെയാണ് നമ്മൾ ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്ന മോഹൻലാൽ ആ പോസ്റ്റർ റിലീസ് ചെയ്യുന്നത്. ഞാൻ എന്താണ് ചെയ്തതെന്ന് അദ്ദേഹം പോലും ചിന്തിച്ചില്ലല്ലോ? അവന് വേണ്ടിയും അവൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു എന്ന് പറഞ്ഞത് നാം കേട്ടു. അയാൾ ഉണ്ടാക്കിവച്ചിരിക്കുന്ന ഒരു സാമ്പത്തിക സ്‌പേസുണ്ട്. അതാണ് ഇപ്പോൾ നമ്മൾ കണ്ടത്'- എന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്.
ഇതിനുപിന്നാലെ മോഹൻലാലിനെ ഭാഗ്യലക്ഷ്മി ഇന്റർവ്യൂ ചെയ്യുന്ന പഴയൊരു വീഡിയോ കുത്തിപ്പൊക്കിയിരിക്കുകയാണ് ആരാധകർ. ഭാഗ്യലക്ഷ്മിയുടെ ഒരു ചോദ്യത്തിന് മോഹൻലാൽ നൽകിയ മാസ് മറുപടിയാണ് വീഡിയോയിലുള്ളത്. 'പൊതുവെ ഇന്റർവ്യൂകളിൽ ഇരിക്കുമ്പോൾ ഒരു രക്ഷപ്പെടൽ ഞാൻ കാണാറുണ്ട്. ഉത്തരം ഉള്ളിന്റെ ഉള്ളിലുണ്ടെങ്കിലും അത് പറയാത്തതുപോലെയും തോന്നാറുണ്ട്'- എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ ചോദ്യം. 'നിങ്ങൾ ചോദിക്കുന്ന ചോദ്യത്തിന് നിങ്ങൾ നേരത്തെ തന്നെ ഉത്തരം കണ്ടിരിക്കുന്നു. അതാണ്. ചോദ്യം ചോദിക്കുകയെന്നത് നിങ്ങളുടെ ധർമം. ഉത്തരം പറയുകയെന്നത് എന്റെ ധർമം.'- എന്നാണ് മോഹൻലാൽ പറയുന്നത്.