തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പഞ്ചായത്തോഫീസിൽ ശുദ്ധികലശം; ലീഗ് പ്രവർത്തകർക്കെതിരെ കേസ്

Thursday 18 December 2025 12:49 PM IST

കോഴിക്കോട്: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പഞ്ചായത്ത് ഓഫീസിൽ ശുദ്ധികലശം നടത്തിയ മുസ്ളീം ലീഗ് പ്രവർത്തകർക്കെതിരെ കേസ്. കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ മുസ്‌ലീം ലീഗ് പ്രവർത്തകർ വെള്ളം തളിച്ച് പ്രതീകാത്മക ശുദ്ധികലശം നടത്തിയ സംഭവത്തിലാണ് പത്തുപേർക്കെതിരെ കേസെടുത്തിരിക്കുന്നത്. പഞ്ചായത്ത് മുൻ പ്രസിഡന്റ് ഉണ്ണി വേങ്ങേരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എസ്‌സി - എസ്‌ടി വകുപ്പുപ്രകാരമാണ് കേസെടുത്തത്.

കഴിഞ്ഞതവണ നഷ്ടമായ ചങ്ങരോത്ത് പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചതിന് പിന്നാലെയാണ് ലീഗ് പ്രവർത്തകർ വിജയാഘോഷം നടത്തിയത്. എന്നാൽ ദളിത് വിഭാഗക്കാരായ നിലവിലെ പഞ്ചായത്ത് പ്രസിഡന്റിനെ അവഹേളിച്ചാണ് ലീഗ് പ്രവർത്തകർ ശുദ്ധീകരണം നടത്തിയതെന്നാരോപിച്ച് സിപിഎം രംഗത്തെത്തിയിരുന്നു. പിന്നാലെ പഞ്ചായത്തിലേയ്ക്ക് ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതിഷേധ പ്രക‌ടനവും നടത്തിയിരുന്നു.

അതേസമയം, ശുദ്ധികലശം പോലെയുള്ള കാര്യങ്ങൾ മുസ്‌ലീം ലീഗിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നാണ് ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം പ്രതികരിച്ചു. വിജയാഹ്ളാദത്തിനിടയിൽ പ്രവർത്തകർ പ്രതീകാത്മകമായി ചെയ്യുന്ന പ്രവൃത്തികളെ ജാതീയമായി ചിത്രീകരിക്കുന്നത് ശരിയല്ല. തെറ്റായ സന്ദേശം പ്രചരിപ്പിക്കാൻ ഈ പ്രവൃത്തി കാരണമായെങ്കിൽ അതിനെയും വ്യാജ പ്രചാരണങ്ങളെയും പാ‌ർട്ടി തള്ളുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.