'ബുഗോണിയ'; അധികാരത്തിന്റെ വേരുകളും മനുഷ്യത്വത്തിന്റെ പരീക്ഷണങ്ങളും
വിഖ്യാത സംവിധായകൻ യോർഗോസ് ലാന്തിമോസ് എമ്മ സ്റ്റോണുമായി ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് 'ബുഗോണിയ'. സാധാരണ ഒരു സയൻസ് ഫിക്ഷൻ ചിത്രം എന്നതിലുപരി മനുഷ്യരാശിയുടെ പരിണാമത്തെയും അധികാര വ്യവസ്ഥകളെയും പറ്റിയുളള രാഷ്ട്രീയമാണ് സിനിമ ചർച്ച ചെയ്യുന്നത്. 2003ൽ പുറത്തിറങ്ങിയ കൊറിയൻ സയൻസ് ഫിക്ഷൻ ചിത്രം 'സേവ് ദ ഗ്രീൻ പ്ലാനറ്റി'നെ ആസ്പദമാക്കിയാണ് 'ബുഗോണിയ' ഒരുക്കിയിരിക്കുന്നത്.
മുപ്പതാമത് കേരള രാജ്യാന്തര ചലചിത്ര മേളയിലെ ഏറ്റവും ശ്രദ്ധേയമായ സിനിമകളിലൊന്നായി മാറുകയാണ് ഫെസ്റ്റിവൽ ഫേവറിറ്റിൽ പ്രദർശിപ്പിച്ച 'ബുഗോണിയ'. കാണികളിൽ അസ്വസ്ഥമായ ഒട്ടേറെ ചോദ്യങ്ങൾ ബാക്കിയാക്കിയാണ് ചിത്രം അവസാനിക്കുന്നത്.
സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ 'ബുഗോണിയ' എന്ന ഗ്രീക്ക് വാക്കിന് ആഴത്തിലുള്ള അർത്ഥങ്ങളുണ്ട്. ചത്ത കാളയുടെ ശരീരത്തിൽ നിന്ന് തേനീച്ചക്കൂട്ടം ഉത്ഭവിക്കുന്ന പ്രതിഭാസത്തെയാണ് പുരാതന കാലത്ത് ഇങ്ങനെ വിളിച്ചിരുന്നത്. ഒന്നിന്റെ നാശത്തിൽ നിന്ന് മറ്റൊന്ന് വളരുന്നു എന്ന തത്വം തന്നെയാണ് സിനിമയുടെ അടിത്തറയും. മനുഷ്യപരിണാമം മുതൽ ആധുനിക സാങ്കേതികവിദ്യ വരെ എത്തിനിൽക്കുന്ന ലോകക്രമം എങ്ങനെയാണ് ചില പ്രത്യേക വിഭാഗങ്ങൾ മാത്രം മറ്റുള്ളവരെ ഭരിക്കാനായി ഉപയോഗിക്കുന്നത് എന്നതിലേക്കാണ് ചിത്രം വിരൽ ചൂണ്ടുന്നത്.
സയൻസും ടെക്‌നോളജിയും വിദ്യാഭ്യാസവുമെല്ലാം സാധാരണക്കാരനെ ശാക്തീകരിക്കാനല്ല, മറിച്ച് അവരെ അടക്കിഭരിക്കാനാണ് ഉപയോഗിക്കപ്പെടുന്നതെന്ന രാഷ്ട്രീയമാണ് സിനിമ മുന്നോട്ട് വയ്ക്കുന്നത്. ലോകത്തെ വെട്ടിപ്പിടിച്ച മനുഷ്യൻ, ഒടുവിൽ സ്വന്തം വർഗത്തെത്തന്നെ മെഡിക്കൽ പരീക്ഷണങ്ങൾക്കും മറ്റുമായി വെറും വസ്തുക്കളായി മാറ്റുന്ന ക്രൂരമായ കാഴ്ചയും ചിത്രം വരച്ചുകാട്ടുന്നു. ജീവനുള്ള മനുഷ്യരെ പരീക്ഷണവസ്തുക്കളായി ഉപയോഗിക്കുന്നത് ലോകത്ത് തുടരുന്നുണ്ടെന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യം ചിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു.
തേനിച്ചകളെ വളർത്തുന്ന ടെഡിയും (ജെസ്സി പ്ലെമൺസ്) ബന്ധുവായ ഡോണും 'ആൻഡ്രോമിഡൻസ്' എന്ന അന്യഗ്രഹ വർഗം ഭൂമിയെ നിയന്ത്രിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു എന്ന വിചിത്രമായ വിശ്വാസത്തിലാണ് ജീവിക്കുന്നത്. പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ സിഇഒ ആയ മിഷേലിനെ (എമ്മ സ്റ്റോൺ) ലക്ഷ്യം വച്ചാണ് ടെഡിയുടെ നീക്കങ്ങൾ. മിഷേൽ അന്യഗ്രഹജീവിയാണെന്നും അവളെ വരുതിയിലാക്കിയാൽ ഭൂമിയെ രക്ഷിക്കാമെന്നും ഇവർ ഉറച്ചു വിശ്വസിക്കുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ കഴിയുന്ന ടെഡിയും ആഢംബര ജീവിതം നയിക്കുന്ന മിഷേലും തമ്മിലുള്ള ഏറ്റുമുട്ടലിലൂടെയാണ് സിനിമ വികസിക്കുന്നത്.
മിഷേൽ ആണോ അതോ അവളെ സംശയിക്കുന്ന സാധാരണക്കാരനായ ടെഡി (ജെസി പ്ലെമൺസ്) ആണോ നോർമൽ എന്നത് പ്രേക്ഷകനെ കുഴപ്പിക്കുന്ന രീതിയിലാണ് സിനിമയുടെ ആദ്യ പകുതി. അപകടകാരിയായ ഒരു മനുഷ്യന്റെ നിസഹായ അവസ്ഥയെ ജെസി മനോഹരമായി ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. കഥ മുന്നോട്ട് പോകുന്തോറും ആരാണ് ശരിയെന്ന പ്രേക്ഷകന്റെ നിഗമനങ്ങൾ സംവിധായകൻ തകിടം മറിക്കുന്നു.
അന്യഗ്രഹജീവികളെക്കുറിച്ച് ചിത്രം സംസാരിക്കുന്നുണ്ടെങ്കിലും, മനുഷ്യർക്ക് പരസ്പരം തിരിച്ചറിയാൻ പറ്റാത്ത അന്യരായി മാറുന്ന അവസ്ഥയിലേക്കാണ് സിനിമ ചെന്നെത്തുന്നത്. ചിത്രത്തിന്റെ അവസാന ഘട്ടത്തിൽ പ്രേക്ഷകനെ കാത്തിരിക്കുന്ന ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ ലാന്തിമോസ് ശൈലിയിലുള്ള മാസ്റ്റർ ക്ലാസ് തന്നെയാണ്. മേളയിൽ പുതിയൊരു അനുഭവമാണ് 'ബുഗോണിയ' പ്രേക്ഷകർക്ക് സമ്മാനിച്ചത്..