'ജീവിതത്തിൽ അഭിനയിക്കുന്ന നടൻ, ഇത്രയും വർഷം കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് മോചിതനായിട്ടില്ല,​ മൂന്ന് കല്യാണം കഴിച്ചു'

Thursday 18 December 2025 3:10 PM IST

ഒരുകാലത്ത് മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനായിരുന്നു ശങ്കർ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ അടക്കം നിരവധി ചിത്രങ്ങളിൽ നായകനായെത്തി. എന്നാൽ പിൽക്കാലത്ത് ഒരുപാട് പരാജയങ്ങൾ നേരിടേണ്ടിവന്നു. സംവിധായകൻ ശാന്തിവിള ദിനേശ് ശങ്കറിന്റെ ജീവിതത്തെക്കുറിച്ച് ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് തുറന്നുപറച്ചിൽ.

'ജീവിതത്തിൽ മുഴുവൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന മനുഷ്യനാണ് ശങ്കർ. ഇപ്പോഴും മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ പ്രേം കിഷൻ ആണെന്ന് വിശ്വസിക്കുന്നയാളാണ് ശങ്കർ. 45 വർഷം കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് മോചിതനായിട്ടില്ല. തലമുടി കുറച്ച് പൊഴിഞ്ഞ് പോയില്ലായിരുന്നെങ്കിൽ ഇപ്പോഴും ആ പ്രേംകിഷനായിട്ട് കാണാമായിരുന്നു.

വളർച്ച മുരടിച്ച ഒരു നടന്റെ പേര് പറയാൻ പറഞ്ഞാലും ഞാൻ ശങ്കറിന്റെ പേര് തന്നെ പറയും. ആകെ ചെയ്‌തൊരു കാര്യം മൂന്ന് വിവാഹം കഴിച്ചു. ഏതൊക്കെയോ തല്ലിപ്പൊളി സിനിമകൾ സംവിധാനം ചെയ്തു. ഒരു ദിവസവും അരദിവസവുമൊക്കെ ഓടിയ ചിത്രങ്ങൾ. മലയാള സിനിമ ഉണ്ടായ കാലം മുതൽ ഇവിടെ ചുമ്മാ ചോക്ലേറ്റ് നായകന്മാർ ഉണ്ടായിട്ടുണ്ട്. അഭിനയം എന്നുപറഞ്ഞാൽ ഡയലോഗ് പറഞ്ഞാൽപ്പോരല്ലോ. മുഖത്ത് എന്തെങ്കിലും വരണ്ടേ. അതൊട്ടും ഇല്ലാത്ത നടന്മാരിലൊരാളാണ് ശങ്കർ എന്ന് ഞാൻ പറയും. എന്നാൽ ശങ്കറിനെ ഇഷ്ടപ്പെടുന്ന ചെറിയൊരു വിഭാഗം ഇപ്പോഴുമുണ്ടെന്നത് യാഥാർത്ഥ്യമാണ്'- ശാന്തിവിള ദിനേശ് പറഞ്ഞു.