പുതുവർഷം എല്ലാവർക്കും ഒരുപോലെയല്ല; ഈ രാജ്യക്കാരുടെ രീതികൾ നിങ്ങളെ ഞെട്ടിക്കും

Thursday 18 December 2025 3:33 PM IST

ഇതാ വീണ്ടും ഒരു പുതുവർഷം കൂടി വരാൻ പോകുന്നു. വളരെ പെട്ടെന്നാണ് 2025 നമ്മൾക്ക് മുന്നിലൂടെ കടന്നുപോയത്. പുതിയ പ്രതീക്ഷകങ്ങളോടെ 2026നെ വരവേൽക്കാൻ തയ്യാറായി നിൽക്കുകയാണ് ലോകമെമ്പാടുമുള്ള ജനങ്ങൾ. ലോകത്ത് പല രീതിയിലാണ് പുതുവർഷത്തെ വരവേൽക്കുന്നത്. അതിൽ ചില രാജ്യങ്ങളിലെ വ്യത്യസ്ത രീതികൾ നോക്കിയാലോ?

ഡെൻമാ‌ർക്കുക്കാരുടെ ചാട്ടം

വടക്കൻ യൂറോപ്പിലെ സ്കാൻഡിനേവിയൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ് ഡെൻമാർക്ക്. 2008ലെ ലോക സമാധാന പട്ടികയിൽ ഡെൻമാർക്കിന് രണ്ടാം സ്ഥാനം ഉണ്ടായിരുന്നു. വളരെ വ്യത്യസ്തരീതിയിലാണ് അവിടെയുള്ളവർ പുതുവർഷത്തെ വരവേൽക്കുന്നത്. പുതുവർഷം പിറക്കുന്ന അർദ്ധരാത്രിയിൽ കസേരയ്ക്ക് മുകളിൽ നിന്ന് ചാടുന്നു. പുതിയ വർഷത്തിൽ ഭാഗ്യവും ധെെര്യവും ഊർജവും ഇതിലൂടെ ലഭിക്കുമെന്നാണ് അവർ വിശ്വസിക്കുന്നത്. ചില സമയങ്ങളിൽ കുടുബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വാതിലുകൾക്ക് നേരെ പഴയ പ്ലേറ്റുകളും ഗ്ലാസുകളും എറിയുകയും ചെയ്യും. ഭാഗ്യം കൊണ്ടുവരാനും സ്നേഹം പ്രകടിപ്പിക്കാനുമാണ് ഇത്തരത്തിൽ വാതിലിൽ പ്ലേറ്റുകളും ഗ്ലാസും എറിയുന്നത്. ദുരാത്മാക്കളെ ഇത് തുരത്തുമെന്നും ഒരു വിശ്വാസമുണ്ട്.

കൊളംബിയക്കാരും ഓട്ടം

ദക്ഷിണ അമേരിക്കൻ വൻകരയിലെ ഒരു രാജ്യമാണ് കൊളംബിയ. പുതുവർഷത്തിൽ ഇവർ ഒഴിഞ്ഞ സ്യൂട്ട്കേസുമായി വീട്ടിൽ ഓടും. അതൊരു പുതുവർഷത്തെ പാരമ്പര്യമായാണ് അവർ കാണുന്നത്. സ്യൂട്ട്കേസുകൾ ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. കൂടുതൽ യാത്രകൾ ചെയ്യാനും കഴിയുമെന്നാണ് പറയപ്പെടുന്നത്.

സ്പെയിനിന്റെ മുന്തിരി

യുറോപ്യൻ ഭൂഖണ്ഡത്തിൽപ്പെട്ട രാജ്യമാണ് സ്‌പെയിൻ. സ്‌പെയിനിൽ പുതുവർഷത്തിന് 12 മുന്തിരി കഴിക്കുന്ന പതിവ് ആചാരമുണ്ട്. ഈ ആചാരം ഇന്ന് ലോകത്തെ പല രാജ്യത്തുമുള്ളവർ പിന്തുടരുന്നുമുണ്ട്. വരുന്ന വർഷം മുഴുവൻ ഭാഗ്യം കടന്നുവരാൻ 12 മുന്തിരിങ്ങ കഴിച്ചാൽ മതിയെന്നാണ് വിശ്വാസം. 12 മുന്തിരികൾ 12 മാസങ്ങളെ പ്രതിനിധീകരിക്കുന്നു. പക്ഷേ, സംഗതി അത്ര ഈസിയാണെന്ന് കരുതേണ്ട, ക്ലോക്കിൽ 12 മണി മുഴങ്ങിയാൽ ഉടൻ ഒന്നിനു പിറകേ ഒന്നായി 12 സെക്കന്റിനുള്ളിൽ തന്നെ മുന്തിരിങ്ങ കഴിക്കണം.

പച്ച നിറത്തലുള്ള അരിയില്ലാത്ത ചെറിയ മുന്തിരിയാണ് കൂടുതൽ പേരും ഇതിനായി തിരഞ്ഞെടുക്കുന്നത്. 12 ആഗ്രഹങ്ങളും ഈ സമയം മനസിൽ ആലോചിക്കാം. മോശയ്ക്ക് അടിയിൽ ഇരുന്ന് വേണം മുന്തിരി കഴിക്കാൻ. 12.1 ആകുന്നതിന് മുൻപ് 12 മുന്തിരി കഴിക്കാൻ പറ്റിയില്ലെങ്കിൽ അയാൾക്ക് ആ വർഷം ഭാഗ്യമില്ലാത്തതാകുമെന്നും കരുതുന്നു. മേശയുടെ അടിയിൽ ഇരിക്കുക മാത്രമല്ല,​ ഈ സമയത്ത് ഉള്ളിൽ ധരിക്കുന്ന വസ്ത്രം ചുവപ്പ് നിറവുമായിരിക്കണമെന്നും പറയപ്പെടുന്നു.

ഫിലിപ്പീൻസുകാരുടെ പോൾക്ക ഡോട്ടുകൾ

തെക്കുകിഴക്കേ ഏഷ്യയിലെ ഒരു ദ്വീപാണ് ഫിലിപ്പീൻസ്. പോൾക്ക ഡോട്ടുകളുള്ള വസ്ത്രമാണ് പുതുവർഷത്തിൽ അവർ ധരിക്കുന്നത്. ഇത് പണത്തെ ആകർഷിക്കുമെന്നും സാമ്പത്തിക പുരോഗതി കെെവരിക്കാൻ കഴിയുമെന്നും വിശ്വസിക്കപ്പെടുന്നു.

ഗ്രീസും ഉള്ളിയും

തെക്കുകിഴക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ് ഗ്രീസ്. ഗ്രീക്കുകാരുടെ വിശ്വാസമനുസരിച്ച് ഉള്ളി പുനർജന്മത്തെ പ്രതിനിധീകരിക്കുന്നു. വരും വർഷത്തിൽ വളർച്ചയും ഐശ്വര്യവുമുണ്ടാകാൻ ഡിസംബർ 31ന് വീടിന്റെ കതകിന് മുന്നിൽ ഗ്രീക്കുകാർ ഉള്ളി തൂക്കിയിടാറുണ്ട്. ഉള്ളി തലയിൽ തട്ടുന്നത് ഭാഗ്യം കൊണ്ട് വരുന്നുവെന്നാണ് പറയപ്പെടുന്നത്. ഒപ്പം വസിലോപിത എന്ന കേക്ക് പുതുവത്സര ദിനത്തിൽ ഗ്രീക്കുകാർ ഉണ്ടാക്കുന്നു. കേക്കിനകത്ത് ഒരു നാണയം ഒളിപ്പിച്ചിരിക്കും. പ്രിയപ്പെട്ടവരെല്ലാം ചേർന്ന് കേക്ക് മുറിക്കുന്നു. കേക്കിലെ നാണയം ലഭിക്കുന്നവർക്ക് ആ വർഷം മുഴുവൻ ഭാഗ്യം ലഭിക്കുമെന്നാണ് വിശ്വാസം. കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും ഈ രീതി നിലവിലുണ്ട്.

ജപ്പാൻ തോഷികോശി സോബ

വർഷം അവസാനിക്കുന്നതിന്റെ സ്മരണാർത്ഥം ഡിസംബർ 31ന് ജപ്പാൻകാർ കഴിക്കുന്ന വിഭവമാണ് തോഷികോശി സോബ. ഇയർ ക്രോസിംഗ് ന്യൂഡിൽസ് എന്നറിയപ്പെടുന്ന, വളരെ എളുപ്പത്തിൽ കഴിക്കാൻ സാധിക്കുന്ന സോബ ന്യൂഡിൽസ് ആ വർഷം അനുഭവിച്ച ബുദ്ധിമുട്ടുകളെ മറക്കാനുള്ള വിഭവമായിട്ടാണ് കണക്കാക്കുന്നത്. മിസോകോ സോബ, സുഗോമോറി സോബ, ഫുകു സോബ തുടങ്ങി നിരവധി പേരുകളിൽ ഈ വിഭവം ജപ്പാനിൽ അറിയപ്പെടുന്നു. ദീർഘായുസിന്റെയും ശക്തിയുടെയും പ്രതീകമായും കണക്കാക്കപ്പെടുന്ന സോബ ന്യൂഡിൽസ് പാരമ്പര്യം ഏകദേശം 17-ാം നൂറ്റാണ്ടിലാണ് ഉത്ഭവിച്ചതെന്ന് കരുതുന്നു.

ബ്രസീലുകാരും വസ്ത്രവും

തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ജനസംഖ്യയേറിയ രാജ്യമാണ് ബ്രസീൽ. ബ്രസീലിയൻ ആളുകൾ വെള്ള വസ്ത്രം ധരിച്ചാണ് പുതുവർഷം ആഘോഷിക്കുന്നത്. അടുത്ത വർഷം ഭാഗ്യം വരാനായി പുതുവർഷ ദിനത്തിൽ പ്രത്യേക അടിവസ്ത്രം ധരിക്കാറുണ്ട്. ചുവപ്പ് - പുതുവർഷത്തിൽ സ്നേഹം കൊണ്ടുതരുന്നു. മഞ്ഞ - പണം ഇങ്ങനെ പല നിറത്തിനും പല അർത്ഥം ഉണ്ട്. തിരമാലകൾക്ക് മുകളിലൂടെ ചാടുന്നതും ഭാഗ്യമായി കണക്കാക്കുന്നു.