നാഥനെ കാത്ത് ജില്ലാ മോട്ടോർവാഹനവകുപ്പ്
കോട്ടയം : അഞ്ചുമാസമായിട്ടും റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ നാഥനെ നിയമിക്കാൻ കഴിയുന്നില്ല. ചുമതല നൽകിയ പത്തനംതിട്ട ആർ.ടി.ഒ ശബരിമല തിരക്കിലായതോടെ ഓഫീസ് പ്രവർത്തനം താളംതെറ്റി. ഫയലുകൾ തീർപ്പാക്കുന്നതിലും കാലത്താമസം നേരിടുകയാണ്. കഴിഞ്ഞ ജൂലായിലാണ് ആർ.ടി.ഒ ട്രാൻസ്ഫറായത്. പിന്നാലെയെത്തിയ ഉദ്യോഗസ്ഥൻ അവധിയിൽ പ്രവേശിച്ചു. പിന്നീട് വിരമിച്ചു. ഇതോടെ പത്തനംതിട്ട ആർ.ടി.ഒ സി. ശ്യാമിന് അധികച്ചുമതല നൽകിയെങ്കിലും ശബരിമല സീസണായതിനാൽ അവലോകന യോഗങ്ങളുമായി അദ്ദേഹം തിരക്കാണ്. രണ്ടാഴ്ച കൂടുമ്പോൾ ഒന്നോ രണ്ടോ ദിവസമേ ഓഫീസിൽ എത്താൻ കഴിയൂ. രണ്ടുജില്ലയിലെ വകുപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ സമയത്ത് ചെയ്തുതീർക്കാനുമാകുന്നില്ല. ശബരിമല സീസണുമായി ബന്ധപ്പെട്ട് മോട്ടോർ വാഹനവകുപ്പിന്റെ ജില്ലയിലെ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കാനാളില്ല.
ആർ.ടി.എ യോഗം ചേരുന്നില്ല
ആർ.ടി.ഒ ഇല്ലാത്തതിനാൽ റോഡ് ട്രാൻസ്‌പോർട്ട് അതോറിട്ടി (ആർ.ടി.എ) യോഗം ചേരാനാകുന്നില്ല. വാഹന ഗതാഗതവുമായി ബന്ധപ്പെട്ട നിർണായക തീരുമാനമെടുക്കുന്നത് ഈ യോഗത്തിലാണ്. സ്റ്റേജ് കാര്യേജ് ബസ് സർവീസുകളുടെ സമയക്രമം, ടാക്സികളുടെ നിരക്ക് ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് തീരുമാനങ്ങളെടുക്കുന്നത് ആർ.ടിഎ ബോർഡിന് കീഴിലാണ്. ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത് സ്വകാര്യബസുടമകളും, വാഹനഡീലർമാരുമാണ്.
ഫയലുകൾ കെട്ടിക്കിടക്കുന്നു
ബസുകൾക്ക് സ്റ്റേജ് കാര്യേജ് പെർമിറ്റുകൾ അനുവദിക്കുന്നത്
ചരക്കുവാഹനങ്ങളുടെ ദേശീയ പെർമിറ്റുകൾ പുതുക്കൽ
ഡ്രൈവിംഗ് ലൈസൻസുകൾ അയോഗ്യമാക്കൽ, വാഹന രജിസ്‌ട്രേഷൻ
ക്രിസ്മസ് സീസൺ പ്രമാണിച്ച് വാഹന പരിശോധന കാര്യക്ഷമമാക്കൽ