ദുബായിൽ നിന്ന് പറന്നുയരുന്നയാൾ ഇനി ബഹിരാകാശവും കണ്ടേ അമേരിക്കയിലിറങ്ങൂ, പുതിയ പദ്ധതി യാഥാർത്ഥ്യമാകുന്നു
മനുഷ്യന്റെ അത്ഭുതകരമായ സൃഷ്‌ടികളിലൊന്നാണ് വിമാനം. റൈറ്റ് സഹോദരന്മാരുടെ ഈ വിപ്ളവാത്മകരമായ കണ്ടുപിടിത്തത്തിലൂടെ ലോകം മുന്നോട്ടു കുതിച്ചത് സമയത്തിനൊപ്പമായിരുന്നു. വിമാനച്ചിറകേറിയ മനുഷ്യൻ ആകാശവും കടലും കൊടുമുടിയുമെല്ലാം അവന്റെ കാൽച്ചുവട്ടിലാക്കി. കടലേഴും കടന്ന് മണിക്കൂറുകൾ കൊണ്ടുമാത്രം ഭൂഖണ്ഡങ്ങൾ താണ്ടാൻ ആധുനിക മനുഷ്യന് ഇന്നധികം സമയം വേണ്ട.
എന്നാൽ ഇനി കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ദുബായിൽ നിൽക്കുന്നയാൾക്ക് അമേരിക്കയിലെത്താം, അതും ബഹിരാകാശം വരെ ഉയർന്നു പൊങ്ങിയ ശേഷം. അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്‌സാണ് ഇത്തരമൊരു ബൃഹദ് പദ്ധതി തയ്യാറാക്കുന്നത്. ഇതോടു കൂടി മനുഷ്യർക്ക് ഭൂമിയുടെ ഏതുകോണിലും റോക്കറ്റിൽ യാത്ര ചെയ്യാം. സ്പേസ് എക്‌സിന്റെ പുതിയ പദ്ധതിയുടെ പ്രോട്ടോ ടൈപ്പ് കഴിഞ്ഞമാസം പുറത്തിറങ്ങിയിരുന്നു. ഇത് യാഥാർത്ഥ്യമായാൽ കേവലം നാല് വർഷത്തിനുള്ളിൽ വിമാനങ്ങൾക്ക് പകരം മനുഷ്യൻ റോക്കറ്റിൽ കുതിക്കും.
സ്പേസ് എക്‌സിന്റെ മേധാവി എലോൺ മസ്‌കിന്റെ ഭാവനയിൽ വിരിഞ്ഞതു തന്നെയാണ് പുതിയ പദ്ധതി. ബഹിരാകാശത്ത് ഉപഗ്രഹങ്ങൾ എത്തിക്കാമെങ്കിൽ എന്തുകൊണ്ട് അത് യാത്രയ്‌ക്കും ഉപയോഗിച്ചു കൂടെന്ന ചിന്തയാണ് എലോൺ മസ്‌ക് പങ്കുവച്ചത്. സ്പേസ് എക്‌സിന്റെ ഫാൽക്കൺ ഹെവി എന്ന റോക്കറ്റ് കഴിഞ്ഞ ഏപ്രിലിൽ ഇതാദ്യമായി റോക്കറ്റ് വിക്ഷേപണത്തിനു ശേഷം ഭൂമിയിൽ തിരികെ എത്തി. വീണ്ടും ഇതേ റോക്കറ്റ് പുതിയ ഉപഗ്രഹവുമായി ബഹിരാകാശത്തേക്ക് കുതിച്ചു. ഈ ഒരു മാറ്റമാണ് റോക്കറ്റ് യാത്ര എന്ന പുതിയ ചിന്തയിലേക്ക് വഴിവച്ചത്.
സ്പേസ് എക്‌സിന്റെ യാത്രാ റോക്കറ്റിന്റെ പേര് 'സ്‌റ്റാർ ഹോപ്പർ സ്പേസ് ഷിപ്പ്' എന്നാണ്. 2023ഓടെ ഇത് യാഥാർത്ഥ്യമാകും. ഇതിലൂടെ യാത്ര ചെയ്യുന്നയാൾ ദുബായിൽ നിന്ന് പറന്നുയർന്ന് ബഹിരാകാശത്തേക്ക് പോയിട്ടായിരിക്കും അമേരിക്കയിലെത്തുക. സാധാരണ വിമാനങ്ങൾ ഭൂമിയിൽ നിന്ന് 12 മുതൽ 16 കിമീ മാത്രം പറന്നുയരുമ്പോൾ സ്‌റ്റാർ ഹോപ്പർ സ്പേസ് ഷിപ്പ് 100 കിമീ ഉയരത്തിൽ പറക്കും. നൂറ് മുതൽ ആയിരം പേർക്ക് വരെ സുഖമായി യാത്രയും ചെയ്യാം.
സംഭവം കേൾക്കാൻ സുഖമാണെങ്കിലും, നിലവിൽ അമേരിക്കയിൽ നിന്ന് ലണ്ടനിലേക്ക് 32000 രൂപ ചിലവാകുമെങ്കിൽ സ്പേസ് ഷിപ്പിൽ യാത്ര ചെയ്യാൻ 12 ലക്ഷം മുടക്കേണ്ടി വരും. എന്നാൽ സമയം അധികം പാഴാക്കാനില്ലാത്തവർക്ക് കാശ് ഒരു വിഷയമല്ലല്ലോ എന്നാണ് എലോൺ മസ്‌കിന്റെ വാദം.