ടിക്കറ്റ് കണ്‍ഫോമായില്ലെങ്കിലും കുഴപ്പമില്ല, ഇനി യാത്രക്കാര്‍ പെരുവഴിയിലാകില്ല, റെയില്‍വേയുടെ മാറ്റം ഇങ്ങനെ

Thursday 18 December 2025 7:19 PM IST

ന്യൂഡല്‍ഹി: ഒറ്റയ്ക്കും കുടുംബത്തോടൊപ്പവുമെല്ലാം ഒരു യാത്ര പോകുമ്പോള്‍ ട്രെയിന്‍ തന്നെയാണ് ഭൂരിഭാഗം ആളുകളുടേയും മനസ്സിലേക്ക് ഓടിയെത്താറുള്ളത്. സൗകര്യം, പെട്ടെന്ന് എത്തിച്ചേരാന്‍ കഴിയും തുടങ്ങിയവയാണ് ഇതിന് കാരണം. എന്നാല്‍ ട്രെയിന്‍ യാത്രയില്‍ ഏറ്റവും വലിയ പ്രതിസന്ധി ടിക്കറ്റ് കിട്ടാനുള്ള ബുദ്ധിമുട്ട് ആണ്. ഉത്സവം, അവധിക്കാലം എന്നിവയാണെങ്കില്‍ ടിക്കറ്റ് കണ്‍ഫോം ആയിക്കിട്ടാനുള്ള സാദ്ധ്യത പിന്നെയും കുറയും.

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ ആണെങ്കില്‍ ടെന്‍ഷന്‍ കൂടും. യാത്ര പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് മാത്രമേ ടിക്കറ്റ് ഉറപ്പായോ എന്ന് അറിയുന്ന അന്തിമ ചാര്‍ട്ട് പ്രസിദ്ധീകരിക്കുകയുള്ളൂ. ഇക്കാരണത്താല്‍ തന്നെ അവസാന നിമിഷം യാത്ര ഒഴിവാക്കേണ്ടി വരുന്ന സംഭവങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഈ രീതിക്ക് മാറ്റം വരികയാണ് റെയില്‍വേയുടെ പുതിയ തീരുമാനത്തിലൂടെ. ഇനി മുതല്‍ 10 മണിക്കൂര്‍ മുന്‍പ് തന്നെ റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കും.

പുതിയ മാറ്റം യാഥാര്‍ത്ഥ്യമാകുമ്പോള്‍ 10 മണിക്കൂര്‍ മുമ്പ് തന്നെ ടിക്കറ്റ് കണ്‍ഫോം ആയോ ഇല്ലയോ എന്ന് അറിയാന്‍ സാധിക്കും. ടിക്കറ്റ് കണ്‍ഫോം ആയില്ലെങ്കില്‍ യത്രക്കാര്‍ക്ക് മറ്റ് ഗതാഗത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി യാത്ര നടത്താവുന്നതാണ്. യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യം കൂടിയാണ് ഈ മാറ്റം.

നിര്‍ദേശങ്ങള്‍ എല്ലാ സോണുകള്‍ക്കും റെയില്‍വേ ബോര്‍ഡ് നല്‍കി കഴിഞ്ഞു. സമീപ കാലത്ത് ടിക്കറ്റ് ബുക്കിങ്ങില്‍ ഇന്ത്യന്‍ റെയില്‍വേക്ക് ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. മിക്ക യാത്രക്കാരും കൗണ്ടറുകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഐആര്‍ടിസി ആപ്പ് വഴി ഓണ്‍ലൈനായാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത്. ഇത് കൂടി പരിഗണിച്ചാണ് പുതിയ മാറ്റം യാഥാര്‍ത്ഥ്യമാക്കുന്നത്.