പുരോഗതിയിലേക്ക് വഴി തെളിക്കുന്ന തീർത്ഥാടനം
വീണ്ടുമൊരു ശിവഗിരി തീർത്ഥാടനകാലത്തിന്റെ ധന്യതയിലാണ് കേരളം. അനാചാരങ്ങളുടെ അന്ധകാരത്തിൽ അമർന്നുകിടന്ന മലയാള മണ്ണിനെ നവോത്ഥാന ചിന്തകളുടെ വിളനിലമാക്കി മാറ്റിയത് ശ്രീനാരായണ ഗുരുദേവനാണ്. അന്തസും അഭിമാനവും ചവിട്ടിയരയ്ക്കപ്പെട്ട ഒരു ജനതയുടെ വിമോചനം ആശയങ്ങളിലൂടെയും ആത്മീയതയിലൂടെയും നേടിയെടുത്ത ഗുരുദേവൻ ജാതി, മത, വർഗ, വർണ ഭേദമെന്യേ എല്ലാ മനുഷ്യരുടെയും സർവതോമുഖമായ പുരോഗതിക്കായി ആവിഷ്‌കരിച്ചതാണ് ശിവഗിരി തീർത്ഥാടനം.
ജനലക്ഷങ്ങളാണ് ഗുരുദേവൻ മുന്നോട്ടുവച്ച അഷ്ടലക്ഷ്യങ്ങളും മനസിൽ ഉറപ്പിച്ച് പഞ്ചശുദ്ധിയോടെ ഈ തീർത്ഥാടനത്തിൽ പങ്കാളികളാകുന്നത്. മനുഷ്യന്റെ ഭൗതികവും ആത്മീയവുമായ പുരോഗതി മുന്നോട്ടുവയ്ക്കുന്ന മറ്റൊരു തീർത്ഥാടനവും കേട്ടുകേൾവിയില്ലാത്തതാണ്. അനന്യമായ ഈ തീർത്ഥാടനത്തെ കേരളം ഏറ്റെടുത്തിട്ടുണ്ടോ എന്നു ചോദിച്ചാൽ ഇല്ലെന്നു പറയേണ്ടിവരും. സാമ്പത്തികവും വ്യാവസായികവുമായ പുരോഗതിക്കായി ആഗോള നിക്ഷേപ സംഗമവും സമാനമായ മറ്റ് പരിപാടികളും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംഘടിപ്പിക്കാൻ തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല.
93 വർഷം മുമ്പ് ശിവഗിരിയിലേക്ക് ഒരു തീർത്ഥാടനമെന്ന ആശയം ആവിഷ്‌കരിക്കുമ്പോൾ ഗുരുദേവൻ നിർദേശിച്ചത് ഭക്തിയുടെ പാരമ്യത്തിലുള്ള ഒരു പരിപാടിയല്ല. വിദ്യാഭ്യാസം, ശുചിത്വം, ഭക്തി, സംഘാടനം, കൃഷി, വ്യാപാരം, കൈത്തൊഴിൽ, സാങ്കേതിക പരിശീലനം എന്നീ അഷ്ട ലക്ഷ്യങ്ങളായിരുന്നു. ഇതൊക്കെത്തന്നെയാണ് ആധുനിക കാലത്തെ വ്യവസായ, നിക്ഷേപ സംഗമങ്ങളുടെയും സാരാംശമെന്ന് മനസിലാക്കുമ്പോഴാണ് ഗുരുദേവന്റെ കാഴ്ചപ്പാടും ദീർഘവീക്ഷണവും മനസിലാക്കാനാവുക. കേന്ദ്ര- സംസ്ഥാന സർക്കാരുകളും ഭാവിയിലെ ശിവഗിരി തീർത്ഥാടനങ്ങളിൽ പങ്കാളികളായാൽ അത് രാജ്യത്തിനുതന്നെ മാതൃകയാകും. ദേശീയ, അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് ശിവഗിരി തീർത്ഥാടനത്തെ അതിവേഗം കൊണ്ടുവരാനും കഴിയും. മതാതീത ആത്മീയത എന്ന സങ്കല്പം മുന്നോട്ടുവച്ച ശ്രീനാരായണ ഗുരുദേവ ദർശനം മതേതരത്വത്തിന് വിഘാതവുമല്ല. വിദ്യാലയം ദേവാലയമാകട്ടെ എന്നുചിന്തിച്ച മഹാഗുരുവിന് സമർപ്പിക്കാവുന്ന ദക്ഷിണയാകും അത്.
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ നിർണായക ഏടുകളാണ് ആലുവ സർവമത സമ്മേളനം, വൈക്കം സത്യഗ്രഹം, ഗുരുദേവനും ഗാന്ധിയും തമ്മിലും ഗുരുദേവനും രവീന്ദ്രനാഥ ടാഗോറും തമ്മിലുമുള്ള സംവാദങ്ങൾ എന്നിവ. ഈ ചരിത്ര സംഭവങ്ങളുടെ നൂറാം വാർഷികം ആഘോഷിക്കുന്ന കാലം കൂടിയാണിത്. കേരളത്തിന്റെ മതേതര മനസിന് എക്കാലത്തേക്കുമുള്ള കളങ്കമായ മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് 1924-ൽ ആലുവ അദ്വൈതാശ്രമത്തിൽ ഗുരുദേവൻ സർവമത സമ്മേളനം വിളിച്ചുകൂട്ടിയത്. അതേ വർഷം തന്നെയാണ് വൈക്കം സത്യഗ്രഹ ഭൂമിയിൽ ഗുരുവും എത്തിയത്. 1925-ൽ ഗുരുദേവ- മഹാത്മാ ഗാന്ധി സംഗമത്തിന് ശിവഗിരി വേദിയായി. 1922-ൽ ഗുരുദേവനും രവീന്ദ്രനാഥ ടാഗോറും ഇവിടെ സംഗമിച്ചു.
ശിവഗിരി തീർത്ഥാടനവും നൂറാം വാർഷികത്തിന്റെ പടിവാതിൽക്കലിൽ എത്തി നിൽക്കുകയാണ്. ഏഴു വർഷം കൂടി പിന്നിട്ടാൽ തീർത്ഥാടനത്തിന്റെ ശതാബ്ദിയും വന്നണയും. അതുവരെയുള്ള തീർത്ഥാടനങ്ങളും അഷ്ടവിഷയങ്ങളിലെ സമ്മേളനങ്ങളും കേരളത്തിന്റെ സമഗ്ര പുരോഗതിക്ക് ദിശാസൂചകങ്ങളാകാൻ സാധിക്കുംവിധം സംഘടിപ്പിക്കാനാകണം. ശിവഗിരി തീർത്ഥാടന പുണ്യം ജനകോടികളിലേക്ക് എത്തിക്കാനുള്ള ഉത്തരവാദിത്വം സർക്കാരുകളും കേരള സമൂഹവും ഒന്നാകെ ഏറ്റെടുക്കേണ്ടതുണ്ട്. അമ്പലങ്ങൾക്കു പകരം വിദ്യാലയം ദേവാലയമാകട്ടെ എന്നു ചിന്തിച്ച മഹാഗുരുവിന്റെ നാട്ടിൽ യുവതലമുറ മദ്യത്തിനും മയക്കുമരുന്നിനും അക്രമങ്ങൾക്കും പിന്നാലെയാണ്. അധികാരവും സമ്പത്തുമാണ് എല്ലാമെന്ന വിശ്വാസമാണ് വളർന്നു വരുന്നത്. ജീവിതമൂല്യങ്ങളും സമൂഹിക ഉത്തരവാദിത്വങ്ങളും ധാർമ്മികതയും മനുഷ്യ മനസുകളിൽ നിന്ന് അകലുന്നു. കുടുംബ ബന്ധങ്ങൾ പോലും യാന്ത്റികമാകുന്നു. മുമ്പൊരിക്കലും ഇല്ലാത്ത വിധം മത തീവ്രവാദവും ജാതി ചിന്തകളും ചെറുപ്പക്കാരുടെ പോലും മനസുകളിൽ നിറയുകയാണ്.
മലയാളികളെപ്പോലെ ലോകസഞ്ചാരം നടത്തിയ ജനസമൂഹം ഇന്ത്യയിലില്ല. ലോകത്ത് എന്താണ് നടക്കുന്നതെന്ന് മറ്റാരെക്കാളും നന്നായി മലയാളികൾക്ക് അറിയാം. എന്നിട്ടും ഒരു നൂറ്റാണ്ടു മുമ്പ് നിലനിന്ന ദുരാചാരങ്ങളും ദുഷ്ചിന്തകളും മറ്റൊരു രൂപത്തിൽ ഇപ്പോഴും മലയാളികളുടെ മനസുകളിൽ നിർബാധം തുടരുകയാണ്! ദിനമെന്നോണം അക്രമവാസനകളും അനാചാരങ്ങളും വിവേചനങ്ങളും തീവ്രചിന്താഗതിയും വളർന്നു വരുന്നു. ഇതിന് അവസാനം വേണമെങ്കിൽ ഗുരുദർശനം ജനമനസുകളിലേക്ക് എത്തിക്കണം. സമൂഹം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനാവുന്ന സിദ്ധൗഷധമാണ് ഗുരുദർശനം. പാശ്ചാത്യരാജ്യങ്ങളിലേക്ക് കുടിയേറുന്ന തിരക്കിലാണ് പുതുതലമുറ. അവർക്കൊപ്പം കുടുംബാംഗങ്ങളും ജനിച്ച നാട് വിട്ടുപോകുന്നു. പണ്ട് സമ്പന്നരും വിദ്യാസമ്പന്നരുമാണ് അന്യദേശങ്ങളിലേക്ക് പോയിരുന്നതെങ്കിൽ ഇപ്പോൾ പാവപ്പെട്ടവരും സാധാരണ വിദ്യാഭ്യാസം മാത്രം നേടിയവരും ഉൾപ്പെടെ ഈ പാതയിലാണ്. സ്വന്തം മണ്ണിനോടുള്ള വിരക്തി അവരിൽ വളരുന്നതിനു പിന്നിൽ ഇവിടത്തെ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങളും കാരണങ്ങളാണ്. നമ്മുടെ ജന്മനാടിനെ വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് മാറ്റിയാൽ ഇത്തരം ചിന്താഗതികൾ വളരില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം അതൊരു അസാദ്ധ്യമായ കാര്യമല്ല. ഭരണ നേതൃത്വങ്ങളും ജനങ്ങളും ഒത്തുപിടിച്ചാൽ മതിയാകും. ശിവഗിരി തീർത്ഥാടനത്തിന് ഗുരുദേവൻ മുന്നോട്ടുവച്ച അഷ്ടലക്ഷ്യങ്ങൾ ഭരണകൂടങ്ങൾ ദൗത്യമായി ഏറ്റെടുക്കണമെന്നേയുള്ളൂ.
അനിർവചനീയമായ ഈശ്വര സാന്നിദ്ധ്യം ഗുരുദേവന്റെ തപോഭൂമിയായ ശിവഗിരിയിൽ നമുക്ക് അനുഭവിച്ചറിയാം. ദൈവം ഒരു ശക്തിയാണ്. നമ്മുടെ അകവും പുറവും നിറഞ്ഞിരിക്കുന്ന ശക്തി. ഈ ശക്തിയെ അറിഞ്ഞവരാണ് സത്യദർശികളും ഗുരുക്കന്മാരും. ശ്രീനാരായണ ഗുരുദേവനും സത്യദർശിയാണ്. ഈ ബ്രഹ്മസ്വരൂപമാണ് ഗുരുവിലെ ഈശ്വരീയത. ദൈവിക സാന്നിദ്ധ്യത്തെ അനുഭവിച്ച് അറിഞ്ഞതുകൊണ്ടാണ് നാമെല്ലാവരും ഗുരുദേവനെ ഈശ്വരനായി ആരാധിക്കുന്നത്. നിർവചനങ്ങൾക്ക് അതീതനാണ് ശ്രീനാരായണ ഗുരുദേവൻ. സപ്തസാഗരങ്ങളെക്കാളും വിശാലവും അഗാധവുമാണ് ഗുരുവിന്റെ ദർശനം. അതറിയാനുള്ള യാത്രയുടെ ഭാഗം കൂടിയാണ് ശിവഗിരി തീർത്ഥാടനം. ഗുരുദേവന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞു നിൽക്കുന്ന ശിവഗിരിക്കുന്നിലേക്ക് ജാതിഭേദങ്ങളില്ലാതെ, മതദ്വേഷമില്ലാതെ ജനസാഗരം ഒഴുകിയെത്തട്ടെ.