ആരോഗ്യം മുതൽ സംരക്ഷണം വരെ നെല്ലിക്ക ബസ്റ്റാണ്...
കല്ലറ: വലിപ്പത്തിൽ കുഞ്ഞനാണെങ്കിലും ആരോഗ്യ പരിപാലനത്തിന് മുന്നിൽ നിൽക്കുന്ന നെല്ലിക്ക വിപണിയിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. കാട്ടിൽ നെല്ലിക്ക വിളഞ്ഞതോടെയാണ് മലയോരമേഖലയിലെ പാതയോരത്തും മാർക്കറ്റിലും നെല്ലിക്ക എത്താൻതുടങ്ങിയത്. നെല്ലിക്ക ശേഖരിക്കാൻ ആദിവാസികൾക്കല്ലാതെ മറ്റാർക്കും വനത്തിലേക്ക് പ്രവേശനം ഇല്ലാത്തതിനാൽ കാട്ടുനെല്ലിക്കയ്ക്ക് ഡിമാൻഡുമാണ്. ആദിവാസികൾ നാട്ടിലെത്തിക്കുന്ന നെല്ലിക്ക കുറഞ്ഞ വിലയ്ക്ക് വാങ്ങി ഉയർന്ന വിലയ്ക്കാണ് നാട്ടിൽ ഉള്ളവർ വിൽക്കുന്നത്. കുളത്തൂപ്പുഴ, അച്ചൻകോവിൽ, മടത്തറ, പാലോട് എന്നിവിടങ്ങളിലെ വനങ്ങളിൽ നിന്നാണ് പ്രധാനമായും നെല്ലിക്ക എത്തുന്നത്.
വില (കിലോ) 100 - 150 രൂപ വരെ
ഔഷധഗുണം ഏറെ
നാട്ടുനെല്ലിക്കയെക്കാൾ ഔഷധഗുണം ഏറെയാണ് കാട്ടുനെല്ലിക്കയ്ക്ക്. പൊതുവേ വലിപ്പം കുറഞ്ഞയിനങ്ങളാണ് ഇവ. ആയുർവേദ മരുന്നുകൾ തയാറാക്കുന്നതിന് കാട്ടുനെല്ലിക്കയാണ് ഉചിതം.
നെല്ലിമരത്തിന്റെ തൊലി,വേര്,തടി എന്നിവയും ആയുർവേദ ഗുണസമ്പന്നമാണ്. നെല്ലിക്ക ജൂസിൽ വിറ്റമിൻ സി, ഫൈബർ, ആന്റി ഓക്സിഡന്റുകൾ എന്നിവ ധാരാളമായതിനാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനം, മുടിക്കും ചർമ്മത്തിനും സംരക്ഷണം നൽകുന്നതിനും കഴിയും. ഒപ്പം രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും കരൾ,വൃക്ക എന്നിവയുടെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും നെല്ലിക്ക ജ്യൂസ് ഉത്തമമാണ്.