അതിർത്തിയിൽ തമിഴ്നാട് പുതിയ ബസ് സ്റ്റാന്റ് തുറന്നു
കുമളിയിലെ ഗതാഗത കുരുക്കിന് ഒരു പരിധി വരെ ആശ്വാസം.
കുമളി: തമിഴ്നാട്- കേരള അതിർത്തിയായ കുമളിയിലെ തമിഴ്നാട് ഭാഗത്ത് അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ ബസ് സ്റ്റാൻഡ് തുറന്നുകൊടുത്തു. അതിർത്തിയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ബസ് സ്റ്റാൻഡ് ഉണ്ടെങ്കിലും, തമിഴ്നാട് ഭാഗത്ത് ബസുകൾ റോഡരികിലായിരുന്നു നിർത്തിയിട്ടിരുന്നത്. ഇത് ശബരിമല സീസണിൽ തമിഴ്നാട്, ആന്ധ്ര, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകർക്കും പ്രദേശവാസികൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. റോഡിൽ തന്നെ ബസുകൾ തിരിക്കുന്നതിനാൽ രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടിരുന്നു. ഇതിന് പരിഹാരമായി പുതിയ ബസ് സ്റ്റാൻഡ് വേണമെന്നത് ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു.തമിഴ്നാട് ഗ്രാമവികസന മന്ത്രി ഐ. പെരിയസാമി ഉദ്ഘാടനം ചെയ്തു. തമിഴ്നാട് ഗതാഗതവൈദ്യുതി മന്ത്രി എസ്.എസ്. ശിവശങ്കർ അദ്ധ്യക്ഷത വഹിച്ചു. 7.50 കോടിയുടെ പദ്ധതി
2023ൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ 7.50 കോടി രൂപ പദ്ധതിക്കായി അനുവദിച്ചു. ഇതിൽ 5.5 കോടി രൂപ ചെലവഴിച്ചാണ് ഗതാഗത വകുപ്പിന് കീഴിൽ വർക്ക്‌ഷോപ്പ് ഉൾപ്പെടെയുള്ള ബസ് സ്റ്റാൻഡ് നിർമ്മിച്ചത്. 2023 സെപ്തംബർ 11ന് ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയാണ് ഇപ്പോൾ ജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഉദ്ഘാടന പ്രസംഗത്തിൽ, ദ്രാവിഡ മോഡൽ സർക്കാർ ജനങ്ങൾക്കായി നടപ്പിലാക്കുന്ന വികസന പദ്ധതികളെക്കുറിച്ച് മന്ത്രി ഐ. പെരിയസാമി വിശദീകരിച്ചു. ഗതാഗത വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് മന്ത്രി ശിവശങ്കറും സംസാരിച്ചു. ഗതാഗത വകുപ്പ് മധുര റീജിയണൽ മാനേജിംഗ് ഡയറക്ടർ ശരവണൻ സ്വാഗതം പറഞ്ഞു. കമ്പം എം.എൽ.എ എൻ. രാമകൃഷ്ണൻ, ആണ്ടിപ്പെട്ടി എം.എൽ.എ മഹാരാജൻ എന്നിവർ ആശംസകൾ നേർന്നു. തേനി ജില്ലാ കളക്ടർ രഞ്ജിത് സിംഗ് വിശദീകരണ പ്രസംഗം നടത്തി.