'പർദ്ദയോട് എല്ലാക്കാലവും എതിർപ്പെങ്കിലും നിതീഷിന്റെ പ്രവൃത്തി മോശമായിപ്പോയി, വനിതാ ഡോക്‌ടറോട് മാപ്പ് പറയണം'

Thursday 18 December 2025 8:34 PM IST

മുംബയ്: മുസ്ലിം വനിതാ ഡോക്‌ടറുടെ നിഖാബ് വലിച്ചുനീക്കിയ ബീഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാറിനെതിരെ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ. നിതീഷ് കുമാർ ഡോക്‌ടറോട് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പർദ്ദ എന്ന ആശയത്തെ എക്കാലവും എതിർക്കുന്നയാളാണ് താനെങ്കിലും നിതീഷ് കുമാറിന്റെ പ്രവൃത്തി ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്‌ച നടന്ന ആയുഷ് ഡോക്‌ടർമാരുടെ പരിപാടിയിലാണ് നിതീഷ് കുമാർ വനിതാ ഡോക്‌ടറുടെ നിഖാബ് വലിച്ച് താഴ്‌ത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കപ്പെട്ടതോടെ വിമർശനങ്ങളും വിവാദങ്ങളും ശക്തമായി. 1200ലധികം ഡോക്‌ടർമാർക്ക് നിയമന കത്തുകൾ വിതരണം ചെയ്‌ത ചടങ്ങിലായിരുന്നു സംഭവം. നിയമനകത്ത് കൈയിലേക്ക് കൊടുക്കുന്നതിനൊപ്പം നിഖാബ് വലിച്ചു താഴ്‌ത്തുകയായിരുന്നു. വേദിയിലുണ്ടായിരുന്ന ഉപമുഖ്യമുന്ത്രി സമ്രാട്ട് ചൗധരി അദ്ദഹത്തെ തടയാൻ ശ്രമിക്കുകയും പെട്ടെന്ന് തന്നെ വനിതാ ഡോക്‌ടർ നിഖാബ് തിരികെയിടുകയും ചെയ്‌തു.

'നിതീഷ് കുമാർ ഒരു മുസ്ലീം വനിതാ ഡോക്‌ടറോട് ചെയ്‌തത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ശക്തമായ വാക്കുകളിൽ അപലപിക്കുന്നു. നിതീഷ് കുമാർ ആ വനിതയോട് നിരുപാധികം ക്ഷമ ചോദിക്കണം' ജാവേദ് അക്തർ എക്‌സിൽ പോസ്‌റ്റ് ചെയ്‌ത കുറിപ്പിൽ ആവശ്യപ്പെട്ടു. വിവാദത്തെ തുടർന്ന് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.