കൽക്കി 2 മാർച്ചിൽ ആരംഭിക്കും, പ്രധാന വേഷത്തിൽ ദുൽഖർ സൽമാനും
പ്രഭാസ് നായകനായി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്ളോക് ബസ്റ്റർ ചിത്രം കൽക്കിയുടെ രണ്ടാം ഭാഗം മാർച്ചിൽ ചിത്രീകരണം ആരംഭിക്കും. ആദ്യ ഭാഗത്തിൽ അതിഥിവേഷത്തിൽ എത്തിയ ദുൽഖർ സൽമാൻ പ്രധാന കഥാപാത്രമായി ഉണ്ടാകും ദിഷ പഠാനി ആണ് മറ്റൊരു പ്രധാന താരം. ആദ്യ ഭാഗത്തിലും ദിഷ പഠാനി അഭിനയിച്ചിരുന്നു. ആദ്യ ഭാഗത്തിൽ അഭിനയിക്കാത്ത താരങ്ങളെയും ഉൾപ്പെടുത്തിയാണ് രണ്ടാം ഭാഗം. ആഗോള തലത്തിൽ ആയിരം കോടി കളക്‌ഷൻ നേടിയ ചിത്രം ആണ് കൽക്കി 2898 എ.ഡി. ബി.സി 3101ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽനിന്ന് തുടങ്ങി 2898 എഡിവരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന യാത്രയാണ് കൽക്കിയുടെ പ്രമേയം. അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുകോൺ, ശോഭന, പശുപതി തുടങ്ങി നീണ്ട താരനിരയുണ്ടായിരുന്നു. വിജയ് ദേവരകൊണ്ട, മൃണാൾ താക്കൂർ, രാംഗോപാൽ വർമ്മ, എസ്.എസ്. രാജമൗലി തുടങ്ങിയവർ അതിഥി വേഷത്തിലും എത്തി. തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനിയായ വൈജയന്തി മൂവിസ് ആണ് നിർമ്മിച്ചത്. വൈജയന്തി മുവീസ് തന്നെയാണ് രണ്ടാം ഭാഗവും നിർമ്മിക്കുന്നത്. രണ്ടു ഭാഗങ്ങളിലാണ് കൽക്കി ഒരുങ്ങുന്നതെന്ന് നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അതേസമയം സന്ദീപ് റെഡ്ഡി വാംഗെ സംവിധാനം ചെയ്യുന്ന സ്‌പിരിറ്റിന്റെ ലൊക്കേഷനിൽ ജനുവരിയിൽ പ്രഭാസ് ജോയിൻ ചെയ്യും. തൃപ്‌തി ദ്രിമി ആണ് നായിക. ബോളിവുഡ് താരം കജോൾ നിർണാക വേഷത്തിൽ എത്തുന്നു.