നഗരത്തിലെ മാലിന്യം കീറാമുട്ടി
നഗരത്തിന്റെ പുതിയ മേയർ ദിവസങ്ങൾക്കുള്ളിൽ ചുമതലയേൽക്കും. ഏറെപ്രതീക്ഷയോടെയാണ് പുതിയ ഭരണസമിതിയെ ജനം കാത്തിരിക്കുന്നത്. തലസ്ഥാന നഗരത്തിൽ അടിയന്തരമായി ഉണ്ടാകേണ്ട മാറ്റങ്ങൾ എന്തൊക്കെയാണ്. പുതിയ ഭരണസമിതിയുടെ ശ്രദ്ധ പതിയേണ്ട പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള പരമ്പര....
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ഭരണം ഏറ്റെടുക്കാനൊരുങ്ങുന്ന ബി.ജെ.പി മേയറെയും കൂട്ടരെയും കാത്തിരിക്കുന്ന വെല്ലുവിളികൾ പലതുണ്ട്. മാലിന്യപ്രശ്നമാണ് പ്രധാനം. ഏകീകൃത മാലിന്യസംസ്കരണ പ്ലാന്റിന്റെ അഭാവത്തിൽ മാലിന്യപ്രശ്നത്തിൽ ഒന്നര പതിറ്റാണ്ടായി മുടന്തുകയാണ് കോർപറേഷൻ. ജൈവമാലിന്യങ്ങൾ ഉറവിടത്തിലും അജൈവമാലിന്യങ്ങൾ ഹരിതകർമ്മസേനയ്ക്കുമെന്നതാണ് സംസ്ഥാനസർക്കാരിന്റെ നയം. അജൈവമാലിന്യങ്ങൾ ഹരിതകർമ്മ സേനവഴി ക്ലീൻകേരള കമ്പനിക്ക് കൈമാറുന്നുണ്ടെങ്കിലും ജൈവമാലിന്യം ഉറവിടത്തിൽ സംസ്കരിക്കുന്നത് ഇനിയും പ്രായോഗികമായിട്ടില്ല. വീടുകളിൽ കിച്ചൺബിന്നുകളും പൊതുയിടങ്ങളിൽ എയ്റോബിക് ബിന്നുകളും സ്ഥാപിച്ച് ഉറവിടമാലിന്യ സംസ്കരണം നടത്തണമെന്ന ലക്ഷ്യവും ഫലം കണ്ടിട്ടില്ല. വിരലിലെണ്ണാവുന്ന വാർഡുകളിൽ മാത്രമാണ് പ്രവർത്തനം നടപ്പാക്കിയത്. മറ്റിടങ്ങളിലെല്ലാം ഈ ജൈവമാലിന്യം എവിടെ തള്ളുമെന്നതിന് കൃത്യമായ കണക്കില്ല. റോഡരികിലും ജലാശയങ്ങളിലും മാലിന്യങ്ങൾ തള്ളുന്നത് ഇപ്പോഴും തുടരുകയാണ്. കോർപറേഷൻ ജീവനക്കാർ പരിപാലിക്കുന്ന എയ്റോബിക് ബിന്നുകളും കാര്യക്ഷമമല്ല. ഈ സാഹചര്യത്തിലാണ് പുതിയ കോർപറേഷൻ ഭരണസമിതിയുടെ ഇടപെടൽ നിർണായകമാകുന്നത്.
പാളിയ കിച്ചൺ ബിന്നുകൾ
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കിച്ചൺ ബിൻ പദ്ധതിക്ക് നഗരവാസികൾക്കിടയിൽ വലിയ സ്വാധീനം ചെലുത്താനായില്ല. മുൻവർഷങ്ങളിൽ കിച്ചൺബിൻ സ്ഥാപിച്ചവർപോലും അത് ഉപേക്ഷിച്ചു. കിച്ചൺ ബിൻ സ്ഥാപിച്ച വീടുകളിൽ പ്രവർത്തനം വിലയിരുത്താനോ യഥാസമയം ഇനോകുലം വിതരണം ചെയ്യാനോ നടപടിയുണ്ടാകാത്തതാണ് കാരണം. ഇതോടെ കിച്ചൺ ബിന്നുകൾ ചെടിച്ചട്ടികളായി. മാലിന്യം വീടുകൾക്ക് പുറത്തേക്കും.
ശാസ്ത്രീയ പഠനമില്ലാതെ നടപ്പാക്കി പൊളിഞ്ഞ പൈപ്പ് കമ്പോസ്റ്റ് പദ്ധതിക്കു പിന്നാലെ ആവിഷ്കരിച്ച കിച്ചൺബിന്നുകളും പൊളിയുമ്പോൾ വീടുകളിലെ ജൈവമാലിന്യ സംസ്കരണം വഴിമുട്ടിയിരിക്കുകയാണ്.
കേന്ദ്രീകൃത പ്ലാന്റ് വരുമോ...
ദിനം പ്രതി 350 - 400ടൺ മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്ന കോർപറേഷനിലെ കേന്ദ്രീകൃത മാലിന്യസംസ്‌കരണ പ്ളാന്റ് 2011 ഡിസംബർ 21ന് അടച്ചുപൂട്ടിയതോടെ 350 ടണ്ണിലധികം വരുന്ന മാലിന്യങ്ങൾ സംസ്‌കരിക്കാൻ സംവിധാനമില്ലാതായി. പ്രാദേശിക എതിർപ്പുകളും രാഷ്ട്രീയ മുതലെടുപ്പുകളും രൂക്ഷമായതോടെ നഗരത്തിൽ മറ്റൊരു കേന്ദ്രീകൃത പ്ലാന്റിനെക്കുറിച്ച് ചിന്തിക്കാതായി. ദിനംപ്രതി വളരുന്ന തലസ്ഥാന നഗരത്തിന് കേന്ദ്രീകൃത പ്ലാന്റ് കൂടിയേ തീരൂവെന്നാണ് ഈരംഗത്തുള്ളവർ വിലയിരുത്തുന്നത്. ഇതിനായി കേന്ദ്രപദ്ധതികളുടെ ഫണ്ടും ലഭ്യമാണ്. ഇക്കാര്യത്തിൽ പുതിയ ഭരണസമിതിയുടെ നിലപാടും നിർണായകമാണ്.