ലക്ഷങ്ങളുടെ എം.ഡി.എം.എയുമായി സഹോദരങ്ങൾ അടക്കം 4പേർ പിടിയിൽ

Friday 19 December 2025 3:28 AM IST

CRIME

കഴക്കൂട്ടം: ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എയുമായി സഹോദരങ്ങൾ ഉൾപ്പടെ 4 പേരെ പൊലീസ് അറസ്റ്റുചെയ്തു. കണിയാപുരം പാച്ചിറ ഷെഫീഖ് മൻസിലിൽ ഷെഫീഖ് (29), അനുജൻ ഷമീർ (26), കഠിനംകുളം ചിറയ്ക്കൽ രാഹുൽ ഭവനിൽ രാഹുൽ (27), ചിറ്റാറ്റുമുക്ക് മണക്കാട്ടു വിളാകത്ത് മുഫസിൽ (29) എന്നിവരെയാണ് തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും മംഗലപുരം പൊലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണിയാപുരം വെട്ടുറോഡിന് സമീപം ഇന്നലെ വൈകിട്ട് 5ഓടെ ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ തടഞ്ഞ് പിടികൂടുകയായിരുന്നു. ഇവരുടെ പക്കൽനിന്ന് 21.37 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തു. ബംഗളൂരിൽ നിന്നാണ് എം.ഡി.എം.എ എത്തിച്ചത്. കഴക്കൂട്ടം, ടെക്നോപാർക്ക് ,കണിയാപുരം, വെട്ടുറോഡ്‌, പായ്ച്ചിറ എന്നിവിടങ്ങളിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്നതെന്നാണ് പ്രതികൾ പൊലീസിൽ മൊഴി നൽകിയത്. കണിയാപുരം കേന്ദ്രീകരിച്ച് എം.ഡി.എം.എ വിപണനം നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായ നാലുപേരും. ഇവരുടെ പേരിൽ മോഷണം, പിടിച്ചുപറി, ലഹരി കടത്ത് എന്നിവയടക്കം 50ഓളം കേസുകൾ സംസ്ഥാനത്തും പുറത്തുമുണ്ടെന്ന് പൊലീസ് പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ അനുജനെ ആര്യനാടുവച്ച് ആക്രമിച്ച കേസിലെ പ്രതി കൂടിയാണ് ഷെഫീക്ക്.​ തിരുവനന്തപുരം നർക്കോട്ടിക്ക് ഡിവൈ.എസ്.പി കെ.പ്രവീണിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ചുലാൽ, മംഗലപുരം സി.ഐ ആശിഷ്, എസ്.ഐ മനോജ്, ഡാൻസാഫ് എസ്.ഐമാരായ എഫ്.ഫയാസ്, ബി.ദിലീപ്, രാജീവൻ തുടങ്ങിയവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.