9 വയസുകാരിക്ക് പീഡനം : 66 വർഷം കഠിനതടവും പിഴയും
കാട്ടാക്കട : 9 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 66 വർഷം കഠിനതടവും 110000 രൂപ പിഴയും ശിക്ഷ. കാട്ടാക്കട കുളത്തുമ്മൽ ചന്ദ്രമംഗലം സെന്റ് സെബാസ്റ്റ്യൻ ചർച്ചിനു സമീപം അലക്സിനെ (25) യാണ് കാട്ടാക്കട അതിവേഗ കോടതി ജഡ്ജി എസ്. രമേശ്കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്ക് നൽകണം. പിഴത്തുക ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക കഠിനതടവും അധിക നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. 2018 - ൽ മൂന്നാം ക്ലാസിലെ പഠനം കഴിഞ്ഞുള്ള അവധിക്കാലത്ത് പലതവണ
കുട്ടിയുടെ വീട്ടിൽ വച്ചും പ്രതിയുടെ വീട്ടിൽ വച്ചും ഗുരുതരമായ പീഡനം നടത്തിയിരുന്നു. ഇളയകുട്ടിയുടെ സാന്നിദ്ധ്യത്തിലാണ് പീഡനം നടന്നത്. മൂന്ന് വർഷത്തോളം കൃത്യം ആവർത്തിച്ചിട്ടും കുട്ടി പേടിച്ച് ആരോടും പറഞ്ഞില്ല. പിന്നീട് കുട്ടിയെ പുറത്തുവച്ച് കാണുമ്പോൾ പ്രതി ലൈംഗിക
ചുവയോടെ നോക്കുകയും ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തപ്പോഴാണ് കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പ്രമോദ്,അഡ്വ.മാരായ പ്രസന്ന, പ്രണവ് എന്നിവർ ഹാജരായി. ഇൻസ്പെക്ടർ സെൻവി കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. കാട്ടാക്കട ഇൻസ്പെക്ടർ ഡി.ഷിബുകുമാറാണ് കുറ്റപത്രം നൽകിയത്.