സി.എൻ.ജിക്ക് വില കുറയ്ക്കുമ്പോൾ

Friday 19 December 2025 12:33 AM IST

ഭൂമിയെ വാസയോഗ്യമല്ലാതാക്കിത്തീർക്കുന്ന ഘടകങ്ങളിൽ ഒന്നാംസ്ഥാനമുണ്ട്,​ കാർബണിന്. ജീവന്റെ അടിസ്ഥാന ഘടകമാണെങ്കിലും,​ ജീവവായുവിനെ വിഷമയമാക്കിത്തീർക്കുന്ന ഘടകവും അതുതന്നെ! ഭൂമിയുടെ അതിതാപനം മുതൽ കാലാവസ്ഥാ വ്യതിയാനത്തിനു വരെ വഴിയൊരുക്കുന്ന ഓസോൺ നാശത്തിലെ പ്രധാന വില്ലനും മറ്റൊന്നല്ല. വളരുന്ന ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മോട്ടോർ വാഹനങ്ങൾ പുറന്തള്ളുന്ന പുക മൂലം അന്തരീക്ഷത്തെ ശ്വാസംമുട്ടിക്കുന്ന കാർബൺ ഭീഷണി. സ്വാഭാവികമായും ലോകം ഒരു കാർബൺ വിരുദ്ധ പോരാട്ടത്തിലാണ്. ആ യുദ്ധത്തിൽ,​ കാർബൺ പുറന്തള്ളലിന്റെ അളവിൽ അടുത്ത അഞ്ചുവർഷംകൊണ്ട് 100 കോടി ടണ്ണിന്റെ കുറവ് വരുത്തുക എന്നതാണ് ഇന്ത്യയുടെ പ്രഖ്യാപിത ലക്ഷ്യം. കാർബൺ പുറന്തള്ളൽ പൂജ്യത്തിൽ എത്തിക്കാനുള്ള നെറ്റ് സീറോ എമിഷൻ എന്ന 2070-ലെ ലക്ഷ്യത്തിലേക്ക് നമുക്ക് സഞ്ചരിക്കാനുള്ളത് വലിയ ദൂരമാണ്.

ഇതിലേക്കെല്ലാമുള്ള തുടക്കമായി വേണം,​ രാജ്യമൊട്ടാകെ പ്രകൃതിവാതകത്തിന്റെ (സി.എൻ.ജി)​ ഉപഭോഗം വർദ്ധിപ്പിച്ച് പെട്രോൾ- ഡീസൽ ജ്വലനം മൂലമുള്ള അന്തരീക്ഷ മലിനീകരണം കുറയ്ക്കുവാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടത്തുന്ന നീക്കങ്ങളെ സ്വീകരിക്കുവാൻ. ഈ നയം സഫലവും സാർത്ഥകവുമാക്കുന്നതിനുള്ള ചുവടുവയ്പായാണ് ഏകീകൃത ട്രാൻസ്പോർട്ടേഷൻ താരിഫിന് കഴിഞ്ഞ ദിവസം പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റഗുലേറ്ററി ബോർഡ് അംഗീകാരം നല്കിയത്. ഇതനുസരിച്ച് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ദ്രവീകൃത പ്രകൃതി വാതകത്തിനും (സി.എൻ.ജി)​,​ പാചകാവശ്യത്തിന് ഉപയോഗിക്കുന്ന ഗാർഹിക പ്രകൃതി വാതകത്തിനും (പൈപ്പ്ഡ് നാച്വറൽ ഗ്യാസ് എന്ന പി.എൻ.ജി)​ ഈ വരുന്ന ജനുവരി ഒന്നു മുതൽ കിലോഗ്രാമിന് മൂന്നുരൂപ വരെ വില കുറയും. സി.എൻ.ജി വാഹനങ്ങളുടെ കാര്യമെന്നതു പോലെ,​ പൈപ്പിലൂടെ ദ്രവീകൃത പ്രകൃതിവാതകം വീടുകളിൽ എത്തിക്കുന്നതും നിലവിൽ നഗരങ്ങൾ കേന്ദ്രീകരിച്ചു മാത്രമാണ് എന്നതാണ് പരമാർത്ഥം. പെട്രോളിയം ഉത്പന്നങ്ങളെ ഇന്ധനമായി ആശ്രയിക്കുന്നതിൽ നിന്ന് പ്രകൃതിവാതകങ്ങളുടെ ഉപഭോഗത്തിലേക്കുള്ള മാറ്റത്തിന് വേഗം കൂട്ടുവാനുള്ള നടപടികളാണ് ആദ്യം വേണ്ടത്.

അന്തരീക്ഷ മലിനീകരണത്തിന്റെ തോതും,​ കാർബൺ പുറന്തള്ളലും കുറയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തേണ്ടതുണ്ട് എന്നത് നേരുതന്നെ. എന്തുകൊണ്ട് പ്രകൃതിവാതകങ്ങളുടെ ഉപഭോഗം വർദ്ധിപ്പിക്കണം എന്നതിലും ബോധവത്കരണം വേണം. പക്ഷേ,​ സി.എൻ.ജിയുടെ വില കുറച്ച്,​ കൂടുതൽ പേരെ ഇതിലേക്ക് അകർഷിക്കുകയാണ് ബോധവത്കരണത്തേക്കാൾ എളുപ്പമെന്ന തന്ത്രപരവും ഫലപ്രദവുമായ മാർഗമാണ് എന്തായാലും കേന്ദ്ര സർക്കാർ സ്വീകരിച്ചത്. പുതിയ തീരുമാനം അനുസരിച്ച് സി.എൻ.ജിയുടെ വിലയിൽ കിലോഗ്രാമിന് രണ്ടര രൂപ വരെയും,​ പി.എൻ.ജി വിലയിൽ സ്റ്റാൻഡേർഡ് ക്യുബിക് മീറ്ററിന് 1.80 രൂപ വരെയുമാണ് കുറവ് വരിക. നിലവിൽ കേരളത്തിലും സി.എൻ.ജി ഉപയോഗിക്കുന്ന ഓട്ടോറിക്ഷകളുടെ എണ്ണം കൂടിവരുന്നുണ്ട് എന്നത് ശുഭകരമാണ്.

പെട്രോൾ- ഡീസൽ വിലയുമായി താരതമ്യം ചെയ്യുമ്പോൾ സി.എൻ.ജി ഉപഭോഗം ലാഭകരമാണ്. അതേസമയം,​ സി.എൻ.ജി വിലയിൽ ഇടയ്ക്കിടെ കേന്ദ്രം വർദ്ധന വരുത്തുന്നുണ്ടെന്നും,​ ഇതു മൂലം നേട്ടം കുറയുന്നുവെന്നുമാണ് സി.എൻ.ജി ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവരുടെ പരാതി. ഉപഭോഗം പ്രോത്സാഹിപ്പിക്കാൻ വില കുറച്ചിട്ട്,​ കൂടുതൽ പേർ അത് തിരഞ്ഞെടുക്കുമ്പോൾ പടിപടിയായി വില വർദ്ധിപ്പിക്കുക എന്ന നടപടി അംഗീകരിക്കാനാകില്ല. ആത്യന്തിക ലക്ഷ്യം അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്നതാകുമ്പോൾ സി.എൻ.ജി വില്പനയിൽ നിന്നുള്ള നികുതി വരുമാനം സർക്കാരിന്റെ നോട്ടമായിക്കൂടാത്തതാണ്. ഉപഭോക്താക്കൾക്ക് സഹായകമായ വിധത്തിൽ വില കുറയ്ക്കുന്നതുപോലെ തന്നെ,​ കമ്പനികൾക്ക് പ്രോത്സാഹനമെന്ന നിലയിൽ നികുതി ഇളവും അനുവദിക്കേണ്ടതുണ്ട്. സി.എൻ.ജി പമ്പുകളുടെ എണ്ണം കൂടണമെങ്കിലും ഇതേ വഴിയുള്ളൂ.