അധികാരം പിടിക്കാൻ അവസാനവട്ട ശ്രമങ്ങൾ
ആലപ്പുഴ: കേവല ഭൂരിപക്ഷമില്ലാത്ത തദ്ദേശസ്ഥാപനങ്ങളിൽ ഭരണം ആരുപിടിക്കുമെന്ന ആകാംക്ഷ അയവില്ലാതെ തുടരുന്നു. ഞായറാഴ്ച്ചയാണ് പുതിയ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ. 26, 27 തീയതികളിലായി അദ്ധ്യക്ഷരെ തിരഞ്ഞെടുക്കേണ്ടതുണ്ട്.
72 ഗ്രാമപഞ്ചായത്തുകളിൽ നാൽപ്പതിടത്തും ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ്. പന്ത്രണ്ട് ബ്ലോക്കുകളിൽ രണ്ടിടത്ത് ആർക്കും കേവല ഭൂരിപക്ഷമില്ല. ആറ് നഗരസഭകളിൽ മൂന്നിടത്ത് മുന്നണികൾ കേവലഭൂരിപക്ഷം നേടി ഭരണം ഉറപ്പാക്കിയിട്ടുണ്ട്. വിമതരെയും സ്വതന്ത്രരെയും പാളയത്തിലേക്ക് അടുപ്പിക്കാനുള്ള മുന്നണികളുടെ ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. ഒപ്പമെത്തുന്നതിന് സ്വതന്ത്രരടക്കം മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങൾ മുന്നണിക്കുള്ളിൽ പ്രശ്നങ്ങൾക്കും തുടക്കമിട്ടിട്ടുണ്ട്. ചേപ്പാട് പഞ്ചായത്തിൽ ഭരണം പിടിക്കാൻ സ്വതന്ത്രന് അദ്ധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തതോടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പ്രമുഖ മുന്നണിയിലെ മുതിർന്ന അംഗം രാജിവയ്ക്കുമെന്ന വിവരം പുറത്തുവരുന്നുണ്ട്. രാജിയുണ്ടായാൽ നിർദ്ദിഷ്ട മുന്നണിക്ക് ഭരണം ലഭിക്കില്ല. ഇവർ സത്യപ്രതിജ്ഞ ചെയ്യില്ലെന്നാണ് വിവരം. സമാനമാണ് പല തദ്ദേശ സ്ഥാപനങ്ങളിലെയും സ്ഥിതി. സ്വതന്ത്രരുടെ അപ്രതീക്ഷിത ഡിമാൻഡുകൾ മുന്നണികളെ വെള്ളം കുടിപ്പിക്കുന്നുണ്ട്. അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് മുമ്പ് അനുനയ ശ്രമങ്ങൾ വിജയിക്കേണ്ടതുണ്ട്.
സത്യപ്രതിജ്ഞ 21ന്
നിലവിലെ ഭരണസമിതിയുടെ കാലാവധി നാളെ അവസാനിക്കും
സത്യപ്രതിജ്ഞ 21ന് രാവിലെ 10ന്
വരണാധികാരികൾ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് മുതിർന്ന അംഗത്തിന്
മുതിർന്ന അംഗം മറ്റ് അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും
ജില്ലാ പഞ്ചായത്തിൽ ജില്ലാ കളക്ടർ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ അതത് സ്ഥാപന വരണാധികാരികൾ, നഗരസഭകളിൽ ചുമതലപ്പെടുത്തിയിട്ടുള്ള വരണാധികാരികൾ എന്നിവരാണ് മുതിർന്ന അംഗത്തിന് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുക
ആദ്യ യോഗം ആദ്യം സത്യപ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അദ്ധ്യക്ഷതയിൽ ചേരും
യോഗത്തിൽ അദ്ധ്യക്ഷൻ, ഉപാദ്ധ്യക്ഷൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച കമ്മീഷന്റെ അറിയിപ്പ് സെക്രട്ടറി വായിക്കും
നഗരസഭാ ചെയർമാൻ, വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് 26ന്
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 27ന്