കൂടെ 5.0: ശ്രദ്ധയാകർഷിച്ച് ഭിന്നശേഷി കുട്ടികളുടെ പ്രദർശന വിപണന മേള

Friday 19 December 2025 12:57 AM IST

തൃശൂർ: ഭിന്നശേഷി കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം സംഘടിപ്പിച്ച 'കൂടെ 5.0' പ്രദർശനവിപണന മേള കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടക്കുന്ന മേള ഇന്ന് സമാപിക്കും. ക്രിസ്മസ് ആഘോഷത്തിന്റെ സന്തോഷം പങ്കുവയ്ക്കുന്നതിനായി വിവിധ ഉത്പന്നങ്ങളും സമ്മാനങ്ങളും ഉൾക്കൊള്ളുന്ന ക്രിസ്മസ് ഹാംപറുകളും മേളയിൽ ലഭ്യമാണ്. ജില്ലയിലെ സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികൾ, ചിൽഡ്രൻസ് ഹോം, മെന്റൽ ഹോം, ബഡ്‌സ് സ്‌കൂൾ എന്നിവിടങ്ങളിലെ കുട്ടികളാണ് കരകൗശല വസ്തുക്കൾ, നിത്യോപയോഗ സാധനങ്ങൾ, ഭക്ഷണ പദാർത്ഥങ്ങൾ, പാനീയങ്ങൾ തുടങ്ങിയ ഉത്പന്നങ്ങൾ തയ്യാറാക്കിയത്. കളക്ടർ അർജുൻ പാണ്ഡ്യൻ മേള സന്ദർശിച്ച് കുട്ടികളുടെ നിർമാണം കാണുകയും അഭിനന്ദിക്കുകയും ചെയ്തു. കളക്ടർക്ക് സ്‌നേഹ സമ്മാനങ്ങൾ നൽകി കുട്ടികൾ നന്ദി അറിയിച്ചു.

സബ് കളക്ടർ അഖിൽ വി.മേനോൻ, അസിസ്റ്റന്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡ് എന്നിവരും കളക്ടറോടൊപ്പമുണ്ടായിരുന്നു. ഭിന്നശേഷി കുട്ടികളുടെ കഴിവുകളെയും തൊഴിൽ നൈപുണ്യത്തെയും ആദരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുകയാണ് ലക്ഷ്യം.