യുവാവിനെ തട്ടിക്കൊണ്ടുപോയ എട്ടംഗസംഘം അറസ്റ്റിൽ

Thursday 18 December 2025 10:02 PM IST

കാസർകോട്: പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആന്ധ്രാപ്രദേശ് സ്വദേശികളും മലയാളികളും ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ. ആന്ധ്രാ ചെന്നറെഡി പള്ളി സ്വദേശി സിദാന ഓംകാർ (25), ഗംഗനപ്പള്ളി സ്വദേശി മാരുതി പ്രസാദ് റെഡി (33) ,കടപ്പ സ്വദേശികളായ ശ്രീനാഥ് എ (26), പൃഥ്വിരാജ് റെഡി (31) എന്നിവരും മലയാളി സംഘത്തിലെ മേൽപ്പറമ്പ് സ്വദേശി മുഹമ്മദ് ഹനീഫ (36), മുഖ്യ സൂത്രധാരൻ ബേക്കൽ കോട്ടപ്പാറ എം.ഷെരീഫ് (44),ബേവിഞ്ചയിലെ ബി. നൂറുദ്ദീൻ (42),ബെണ്ടിച്ചാൽ സ്വദേശി കെ. വിജയൻ (55) എന്നിവരാണ് അറസ്റ്റിലായത്.

ബുധനാഴ്ച ഉച്ചയ്ക്ക് കാസർകോട്ടെ ഉഡുപ്പി ഹോട്ടലിന് സമീപത്ത് വച്ചാണ് ആന്ധ്രാപ്രദേശ് രജിസ്ട്രേഷൻ കാറിൽ മേൽപ്പറമ്പ് സ്വദേശി ഹനീഫയെ ഒരു സംഘം തട്ടികൊണ്ടുപോയത്. ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്‌ഡിയുടെ നിർദേശത്തിൽ കാസർകോട് ടൗൺ പൊലീസ് അന്വേഷണത്തിനിടെ കർണാടക പൊലീസിന്റെ സഹായത്തോടെ സകലേഷ് പുര പൊലീസ് ഔട്ട് പോസ്റ്റിൽ വച്ചാണ് സംഘത്തെ പിടികൂടിയത്. ഇവരെ പിന്നീട് കാസ‌ർകോട് പോലീസിന് കൈമാറി.നിരോധിത രണ്ടായിരം രൂപ നോട്ടുകൾ കൈമാറാമെന്നേറ്റ കാസർകോട്ടെ ഒരു സംഘം കൈമാറിയത് കള്ളനോട്ടാണെന്ന സംശയമാണ് തട്ടിക്കൊണ്ടുപോയതിന് പിന്നിലെന്നാണ് വിവരം.