ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് സമാപിക്കും. വൈകിട്ട് 6ന് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനാകും. സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ പ്രഗത്ഭ സംവിധായകനും കോട്ടയം കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാനുമായ സയീദ് മിർസയയെ ചടങ്ങിൽ ആദരിക്കും.
മൗറിത്തേനിയൻ സംവിധായകനും മേളയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാര ജേതാവുമായ അബ്ദെറഹ്മാൻ സിസാക്കോയ്ക്ക് മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിക്കും. ജൂറി ചെയർപേഴ്സൺ മുഹമ്മദ് റസൂലാഫിനേയും ആദരിക്കും.
തുടർന്ന് മേളയിലെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള സുവർണ ചകോരം അവാർഡ് ഉൾപ്പെടെയുള്ള വിവിധ അവാർഡുകൾ മുഖ്യമന്ത്രി വിതരണം ചെയ്യും.
മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.എൻ. ബാലഗോപാൽ,ജി.ആർ.അനിൽ,വി.കെ. പ്രശാന്ത് എം.എൽ.എ, ചലച്ചിത്ര അക്കാഡമി ചെയർമാൻ ഡോ.റസൂൽ പൂക്കുട്ടി,സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ.ദിവ്യ എസ്.അയ്യർ,അക്കാഡമി സെക്രട്ടറി സി.അജോയ്,വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ, സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ.മധു,സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമ ഫണ്ട് ബോർഡ് ചെയർമാൻ മധുപാൽ,അക്കാഡമി ജനറൽ കൗൺസിൽ അംഗം സന്തോഷ് കീഴാറ്റൂർ എന്നിവർ പങ്കെടുത്തു. പരിപാടിക്കുശേഷം സുവർണ ചകോരം നേടിയ സിനിമ നിശാഗന്ധിയിൽ പ്രദർശിപ്പിക്കും.