നടിയെ ആക്രമിച്ച കേസ്: കുറ്റകൃത്യത്തിലോ ഗൂഢാലോചനയിലോ പങ്കില്ല,​ ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകണം,​ രണ്ടുപ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി

Thursday 18 December 2025 10:54 PM IST

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിതാരണ കോടതി ശിക്ഷിച്ച ആറുപ്രതികളിഷൽ രണ്ടുപേർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. അഞ്ചും ആറും പ്രതികളായ വടിവാൾ സലിം,​ പ്രദീപ് എന്നിവരാണ് അപ്പീൽ നൽകിയത്. അപ്പീൽ പരിഗണിച്ച് തീർപ്പുണ്ടാക്കുന്നതിൽ കാലതാമസമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ശിക്ഷ മരവിപ്പിച്ച് ജാമ്യത്തിൽ വിടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങൾക്ക് ഗൂഢാലോചനയിലടക്കം പങ്കില്ലെന്ന് അതിജീവിതയുടെ മൊഴിയിലുണ്ടെന്നും ഹർജിയിൽ അവകാശപ്പെടുന്നു. കുറ്റകൃത്യത്തിലോ ഗൂഢാലോചനയിലോ പങ്കില്ലെന്നും കുറ്റ വിമുക്തരാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

കേസിൽ ഒന്നു മുതൽ ആറുവരെയുള്ള പ്രതികളെ വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസ് 20 വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഏഴു മുതൽ പത്തുവരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. എട്ടാം പ്രതി നടൻ ദിലീപും വെറുതെ വിട്ടവരിൽ പെടുന്നു. ഗൂഢാലോചനയടക്കം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയത്. അതേസമയം വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്.