കണ്ണീരൊഴുക്കി മലയോരക്കർഷകർ
കിളിമാനൂർ: വന്യമൃഗശല്യം കാരണം മലയോര കർഷകർക്ക് കാർഷികവിളകൾ കൃഷി ചെയ്യാൻ കഴിയാറില്ല. നാണ്യവിളകളുടെ വിലയിടിവ്, രോഗബാധ, മഴ എന്നിവയും തിരിച്ചടിയായി. പന്നിശല്യം കാരണം ചേന,ചേമ്പ് തുടങ്ങിയ കാർഷികവിളകൾ കൃഷി ചെയ്യാൻ പറ്റാതായി. ഇടവിട്ടുള്ള മഴയും ശക്തമായ കാറ്റും കാരണം റബർ നഷ്ടക്കച്ചവടമായതോടെ പലരും ടാപ്പിംഗ് നിറുത്തി. ചിലർ മരങ്ങൾ വെട്ടിമാറ്റി. തോട്ടം വിൽക്കാൻ ശ്രമിക്കുന്നവർക്ക് അവിടെയും രക്ഷയില്ല. ചെറുകിട തോട്ടങ്ങൾ ഒന്നായിട്ടോ പ്ലോട്ടുകളായോ ആണ് കച്ചവടം ചെയ്യുന്നത്. ഇപ്പോഴത്തെ നിയമവ്യവസ്ഥകൾ പ്രകാരം ഭൂമി പ്ലോട്ട് തിരിച്ച് വിൽക്കാൻ പറ്റുന്നില്ല.
തെങ്ങുകളുടെ നീരൂറ്റി ചെല്ലി
തെങ്ങുകളിൽ ചെല്ലി ആക്രമണം രൂക്ഷമായി. തെങ്ങിൻ തൈകൾ കായ്ഫലമാകുമ്പോഴേക്കും ശല്യം തുടരും. കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന അത്യുത്പാദന ശേഷിയുള്ള തൈകളാണ് ഭൂരിഭാഗവും. ആദ്യകാലങ്ങളിൽ കൂമ്പിൽ മാത്രമായിരുന്ന ശല്യം ഇപ്പോൾ ചുവടുവശത്തും വ്യാപകമായി. പ്രത്യക്ഷത്തിൽ ഇവയെ കർഷകർക്ക് കാണാൻ സാധിക്കില്ല. സങ്കരയിനമായ കുള്ളൻ തൈകളിലാണ് ശല്യം രൂക്ഷം.
അടയ്ക്കയ്ക്ക് മഞ്ഞളിപ്പുരോഗം
മഞ്ഞളിപ്പു രോഗം ബാധിച്ച കമുകുകളിൽ നിന്ന് അടയ്ക്ക കൊഴിഞ്ഞുപോകുന്നു. ന്യായമായ വിലയുള്ളതിനാൽ പ്രതീക്ഷയോടെ വിളവെടുപ്പിന് കാത്തിരുന്ന കർഷകർക്ക് തിരിച്ചടിയായി. കാലാവസ്ഥ പ്രതികൂലമായതിനാൽ പ്രതിരോധമരുന്ന് തളിക്കാനാകുന്നുമില്ല. ഇക്കുറി മലയോരത്ത് ഉത്പാദനം കുറഞ്ഞു. മാഹാളി ഉൾപ്പെടെയുള്ള രോഗബാധയുമുണ്ട്.
കുരുമുളകും പണിമുടക്കി
കുരുമുളക് വിളവെടുപ്പ് സമയമാണിപ്പോൾ. മുൻ വർഷങ്ങളിൽ ഒരു ക്വിന്റൽ മുളക് കിട്ടിയിരുന്നിടത്ത് ഇത്തവണ പകുതി പോലുമില്ല. ഇത്തവണ വിളവ് കുറവാണ്. കുരുമുളകിന് ചുവടുചീയൽ, ഇല രോഗങ്ങൾ തുടങ്ങിയവയും കാണപ്പെടുന്നു.