യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

Friday 19 December 2025 12:00 AM IST
1

അന്തിക്കാട് : വാടകയ്ക്ക് താമസിക്കുന്ന യുവതിയെ കുടുംബവഴക്കിനെ തുടർന്ന് ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ. മലപ്പുറം എടപ്പാൾ സ്വദേശി കളരിപറമ്പിൽ ജിതിൻ പ്രകാശാണ് (24) അറസ്റ്റിലായത്. മലപ്പുറം പൊന്നാനി കോട്ടത്തറ സ്വദേശിനി കളരിപറമ്പിൽ വീട്ടിൽ അമൃതയ്ക്കാണ് (23) വെട്ടേറ്റത്. കൈക്കും ശരീരത്തിലും സാരമായ പരിക്കേറ്റ് ഒരു കാൽ അറ്റ നിലയിൽ അമൃതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച പുലർച്ചെ രണ്ടോടെ മനക്കൊടിയിലായിരുന്നു സംഭവം. വാക്കേറ്റത്തെ തുടർന്ന് വാടകവീട്ടിൽ വെച്ച് അമൃതയെ കൊല്ലണമെന്ന ഉദ്ദേശത്തോടെ ജിതിൻ പ്രകാശ് വെട്ടുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് സമീപത്തെ വീട്ടുകാർ എഴുന്നേറ്റെത്തി. പൊലീസ് പാഞ്ഞെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഏതാനും ദിവസം മുമ്പും ഇവർ വഴക്കിട്ടിരുന്നു. പരിക്കേറ്റ അമൃതയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്തിക്കാട് പൊലീസ് കേസെടുത്തു. അന്തിക്കാട് സി.ഐ കേഴ്‌സൺ, എസ്.ഐ ഡെന്നി, ജി.എ.എസ്.ഐ വിജയൻ, സി.പി.ഒമാരായ അനീഷ്, അനൂപ്, ജോയ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.