ആകാശഗംഗ-2വിൽ അഭിനയിക്കാത്തതിൽ വിഷമമല്ല സന്തോഷമേയുള്ളൂവെന്ന് ദിവ്യാ ഉണ്ണി,​ കാരണം...

Thursday 10 October 2019 3:18 PM IST

മലയാള സിനിമാ പ്രേമികൾക്ക് എന്നും നെഞ്ചോടു ചേർത്തുവച്ചിട്ടുള്ള നടിമാർ നിരവധിയാണ്. നിസംശയം പറയാം, അക്കൂട്ടത്തിൽ ഒരാൾ തന്നെയാണ് ദിവ്യ ഉണ്ണിയും. കല്യാണ സൗഗന്ധികം, ചുരം, വർണപകിട്ട്, ഒരു മറവത്തൂർ കനവ്, ആകാശഗംഗ, ഉസ്‌താദ്, പ്രണയവർണങ്ങൾ തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളത്തിന്റെ മനസു കവരാൻ ദിവ്യയ്‌ക്കായി. വിനയൻ സംവിധാനം ചെയ്‌ത ആകാശഗംഗയിലെ യക്ഷിയായി പ്രേക്ഷകരെ ഭയപ്പെടുത്താനും താരത്തിന് കഴിഞ്ഞു.

20 വർഷങ്ങൾക്ക് ശേഷം ആകാശഗംഗയ്‌ക്ക് രണ്ടാം ഭാഗം എത്തുമ്പോൾ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ദിവ്യാ ഉണ്ണി ചിത്രത്തിലില്ല. എന്നാൽ ആകാശഗംഗ-2വിൽ അഭിനയിക്കാത്തതിൽ തനിക്ക് വിഷമമല്ല മറിച്ച് സന്തോഷമേയുള്ളൂവെന്ന് പറയുകയാണ് ദിവ്യ. മലയാളത്തിലെ ഒരു സിനിമാ മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്.

ദിവ്യ ഉണ്ണിയുടെ വാക്കുകൾ-

'എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ചിത്രമാണ് ആകാശഗംഗ. എന്റെ കരിയറിലെ ഏറ്റവും വ്യത്യസ്‌തമായ കഥാപാത്രങ്ങളിലൊന്നായിരുന്നു ചിത്രത്തിലേത്. ആകാശഗംഗയുടെ രണ്ടാംഭാഗം പുറത്തിറങ്ങുമ്പോൾ വലിയ ആകാംക്ഷയാണുള്ളത്. വിനയനങ്കിളിന്റെ ചിത്രമാകുമ്പോൾ അത് പ്രേക്ഷകരെ നിരാശപ്പെടുത്തില്ല എന്ന കാര്യത്തിൽ തർക്കമില്ല. ആകാശഗംഗയുടെ രണ്ടാംഭാഗത്തിൽ അഭിനയിക്കാൻ കഴിയാത്തതിൽ വിഷമമൊന്നുമില്ല. മറിച്ച് സന്തോഷം മാത്രമേയുള്ളൂ. ആദ്യഭാഗം ജനങ്ങൾ ഏറ്റെടുത്തതു കൊണ്ടാണല്ലോ അതിന് രണ്ടാം ഭാഗമുണ്ടായത്. ആദ്യചിത്രത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. രണ്ടാം ഭാഗം ആദ്യ ഭാഗത്തേക്കാൾ മികച്ചതാകാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു'.