ആ ക്ലിപ്പ് കാരണം അവസരങ്ങൾ നഷ്ടപ്പെട്ടു, അവർക്കിത് ഒരു നിമിഷത്തെ വിനോദം, പക്ഷേ ഞങ്ങൾക്കോ ? : വെളിപ്പെടുത്തി നടി
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പായൽ ഗെയിമിംഗിന്റെ വ്യാജവീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിൽ പ്രതികരിച്ച് നടി അഞ്ജലി അറോറ. ആളുകളുടെ ഒരു നിമിഷത്തെ വിനോദം തങ്ങൾക്ക് വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ആഘാതമായി മാറുകയാണെന്ന് അഞ്ജലി സോഷ്യൽ മീഡിയയിൽ കുറിച്ചു.
മൂന്നു വർഷം മുൻപ് തന്റെ പേരിൽ പ്രചരിച്ച വ്യാജ വീഡിയോ കാരണം താനിന്നും അധിക്ഷേപങ്ങൾ
നേരിടുകയാണെന്നു് അഞ്ജലി അറോറ പറഞ്ഞു. മൂന്നു വർഷം മുൻപ് എന്റെ പേരിൽ പ്രചരിച്ച വ്യാജ വീഡിയോ ഏൽപ്പിച്ച ആഘാതത്തിലൂടെ ഞാൻ കടന്നുപോയതാണ്, ഇന്ന് പായൽ ഗെയിമിംഗിനും ഇതേയനുഭവം ഉണ്ടാകുന്നത് കാണുമ്പോൾ ആ വേദനാജനകമായ നാളുകൾ വീണ്ടും ഓർമ്മ.യിലേക്ക് വരുന്നുവെന്നും നടി വ്യക്തമാക്കുന്നു. അവർ ചെയ്യുന്ന ഇത്തരം പ്രവൃത്തികൾ മറ്റുള്ളവർക്ക് എത്രത്തോളം ദോഷകരമാണെന്ന് ആളുകൾ മനസിലാക്കുന്നില്ല. അവർക്ക് ഇത് ഒരു നിമിഷത്തെ വിനോദമാണ്. ഞങ്ങൾക്കിത് വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ആഘാതമായി മാറുന്നു. അന്ന് ആ വിവാദങ്ങൾ കാരണം നല്ല പ്രൊജക്ടുകളിൽ നിന്ന് എന്നെ ഒഴിവാക്കി. ഇന്നും പ്രൊഫഷനിൽ തിരിച്ചടികൾ നേരിടുന്നു.
വ്യാജ പ്രചാരണങ്ങൾ എത്ര എളുപ്പത്തിൽ വിശ്വസിക്കപ്പെടുന്നുവെന്നും എത്ര വേഗത്തിലാണ് നമ്മളോടുള്ള സഹാനുഭൂതി മാറുന്നതെന്നും കാണുന്നത് അസ്വസ്ഥതയുണ്ടാക്കുന്നു, മറ്റൊരാളുടെ വില കുറഞ്ഞ ജിജ്ഞാസയോ നുണ പ്രചാരണമോ കാരണം ഒരു സ്ത്രീയും കഷ്ടപ്പെടാൻ പാടില്ലെന്നും അഞ്ജലി അറോറ പറഞ്ഞു.