പരിഷ്‌കരിച്ച തൊഴിലുറപ്പ്: ബില്ലിന് പാർലമെന്റിന്റെ അംഗീകാരം
ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി 125 ദിവസത്തെ ഗ്രാമീണ തൊഴിൽ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള വികസിത ഭാരത് ഗ്യാരന്റി ഫോർ റോസ്ഗർ ആന്റ് അജീവിക മിഷൻ (ഗ്രാമീൺ) (വിബി-ജി റാം ജി) ബില്ലിന് പാർലമെന്റിന്റെ അംഗീകാരം. ഇന്നലെ ഉച്ചയ്‌ക്ക് ലോക്‌സഭയും തുടർന്ന് പാതിരാത്രി വരെ നീണ്ട മാരത്തോൺ ചർച്ചയ്ക്കു ശേഷം രാജ്യസഭയും പാസാക്കി.
ലോക്‌സഭയിൽ ചർച്ച ബുധനാഴ്‌ച വൈകുന്നേരം മുതൽ വെളുപ്പിന് ഒന്നര വരെ നീണ്ടു. ഇന്നലെ ശൂന്യവേളയ്‌ക്ക് ശേഷം കേന്ദ്ര കൃഷിമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ മറുപടി പറയുകയും ശബ്‌ദ വോട്ടോടെ പാസാക്കുകയുമായിരുന്നു. പാർലമെന്റ് കമ്മിറ്റിക്ക് വിടണമെന്ന് കോൺഗ്രസ് അംഗം കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടെങ്കിലും പുലരും വരെ ചർച്ച ചെയ്‌ത ബിൽ പാസാക്കണമെന്ന നിലപാടിലായിരുന്നു സ്‌പീക്കർ ഓം ബിർള. ഇതോടെ പ്രതിപക്ഷം ഗാന്ധിജിയുടെ ചിത്രങ്ങളുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധം തുടങ്ങി.
ഇതിനിടെ മന്ത്രി തൊഴിലാളികൾക്ക് മെച്ചമാണെന്ന അവകാശവാദം നിരത്തി മറുപടി പ്രസംഗം നടത്തി. പിന്നാലെയാണ് ശബ്‌ദവോട്ടോടെ പാസാക്കിയത്. പ്രതിപക്ഷ പ്രതിഷേധം കാരണം സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം നിശ്ചയിച്ച ഡൽഹി അന്തരീക്ഷ വായുമലീനീകരണ ചർച്ച ഒഴിവായി.
ലോക്‌സഭ പാസാക്കിയ ബിൽ അടിയന്തരമായി സപ്‌ളിമെന്ററി ബിസിനസിൽ ഉൾപ്പെടുത്തി വൈകുന്നേരം ആറുമണിക്ക് രാജ്യസഭയിൽ അവതരിപ്പിച്ചു. രാത്രി 12മണി വരെ നീണ്ട ചർച്ചയ്ക്കു ശേഷമാണ് ബിൽ പാസാക്കിയത്. ചർച്ചയിലുടനീളം പ്രതിഷേധിച്ച പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.
ബുധനാഴ്ച ലോക്‌സഭ പാസാക്കിയ ശാന്തി ആണവോർജ്ജ ബിൽ രാജ്യസഭ ഇന്നലെ പാസാക്കിയിരുന്നു. മഹാത്മാ ഗാന്ധിയെ അവഹേളിക്കുന്നുവെന്ന് ആരോപിച്ച് പാർലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയ്‌ക്കുമുന്നിൽ നിന്ന് പ്രകടനമായാണ് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷ എം.പിമാർ സഭയിലെത്തിയത്.