'വിരമിക്കുംമുമ്പ് സിക്സറുകൾ അടിച്ചുകൂട്ടുന്നു', ജഡ്‌ജിമാരെ വിമർശിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: അവസാന ഓവറുകളിലെ സിക്‌സറുകളും ജഡ്‌ജിമാരുടെ റിട്ടയർമെന്റും തമ്മിലെന്ത് ? 'അവസാന ഓവറുകളിൽ സിക്‌സറുകൾ അടിച്ചുകൂട്ടുന്നതു പോലെ, റിട്ടയർമെന്റ് അടുക്കുമ്പോൾ ചില ജഡ്‌ജിമാരുടെ ഭാഗത്തുനിന്ന് വിധികളുടെ ഘോഷയാത്രയുണ്ടാകുന്നു". ജുഡിഷ്യറിയിൽ വളർന്നുവരുന്ന പ്രവണതയെ ശക്തമായി വിമർശിച്ചിരിക്കുകയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. കഴിഞ്ഞ നവംബർ 30ന് വിരമിക്കാനിരിക്കെ ആ മാസം 19ന് സസ്‌പെൻഡ് ചെയ്യപ്പെട്ട മദ്ധ്യപ്രദേശിലെ ജില്ലാ ജഡ്‌ജി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണിത്. സംശയനിഴലിലായ ചില വിധികൾ വന്നതോടെ മദ്ധ്യപ്രദേശ് ഹൈക്കോടതി ജില്ലാ ജഡ്‌ജിയെ സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കി.
മദ്ധ്യപ്രദേശിലെ ജുഡിഷ്യൽ ഓഫീസർമാരുടെ വിരമിക്കൽ പ്രായപരിധി 60ൽ നിന്ന് 61 ആക്കാൻ നവംബർ 20ന് സുപ്രീംകോടതി ഉത്തരവിട്ടതോടെ ആരോപണവിധേയനായ ജില്ലാജഡ്‌ജിയുടെ റിട്ടയർമെന്റ് കാലാവധി 2026 നവംബർ 30 വരെയായി. ഇങ്ങനെയുണ്ടാകുമെന്ന് സ്വപ്‌നത്തിൽ പോലും പ്രതീക്ഷിക്കാത്ത ജഡ്‌ജി ഒന്നിനുപിറകെ ഒന്നായി വിധികൾ പുറപ്പെടുവിക്കുകയായിരുന്നു. എന്തായാലും ഹർജിയിൽ സുപ്രീംകോടതി ഇടപെട്ടില്ല. റിട്ടയർമെന്റിന് അടുക്കുന്ന സമയത്ത് ജില്ലാ ജഡ്‌ജി സിക്‌സറുകൾ പായിക്കാൻ തുടങ്ങിയെന്ന് വിമർശിച്ചു. ചില ജഡ്‌ജിമാരുടെ ഭാഗത്തുനിന്നുണ്ടാകുന്നത് ദൗർഭാഗ്യകരമായ ട്രെൻഡാണ്. താൻ കൂടുതലൊന്നും പറയുന്നില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കൂട്ടിച്ചേർത്തു. ജുഡിഷ്യൽ ഉത്തരവുകൾ ഇറക്കിയെന്നതിൽ അച്ചടക്ക നടപടി സാദ്ധ്യമല്ലെന്ന് ജഡ്‌ജി വാദിച്ചതിനെ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് തത്വത്തിൽ അംഗീകരിച്ചു. എന്നാൽ ഉത്തരവുകൾ പ്രത്യക്ഷത്തിൽ തന്നെ സത്യസന്ധമല്ലെങ്കിൽ അതിനു കഴിയില്ലേയെന്നും ചോദിച്ചു. സസ്‌പെൻഷൻ പിൻവലിക്കാൻ ഹൈക്കോടതിയെ സമീപിക്കാനും നിർദ്ദേശിച്ചു. ജഡ്‌ജിയുടെ നിവേദനം നാലാഴ്ചയ്‌ക്കുള്ളിൽ ഹൈക്കോടതി പരിഗണിക്കണം.