ടിവി അവതാരക വെടിയേറ്റ് മരിച്ച നിലയിൽ

Friday 19 December 2025 1:25 AM IST

അലബാമ∙ ടിവി അവതാരകയെയും ഭർത്താവിനെയും വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സ്പോർട്സ് റിപ്പോർട്ടറും ടിവി അവതാരകയുമായ ക്രിസ്റ്റീന ചേംബേഴ്സിനെയും (30) ഭർത്താവ് ജോണി റൈംസിനെയും കഴിഞ്ഞ ദിവസം രാവിലെ ഹൂവറിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാൾ മറ്റൊരാളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായിട്ടാണ് പൊലീസ് സംശയിക്കുന്നത്. ഇവരുടെ മൂന്ന് വയസ്സുള്ള മകൻ കോൺസ്റ്റന്റൈൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.ആരാണ് ആദ്യം വെടിയുതിർത്തതെന്ന കാര്യത്തിൽ പൊലീസ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. കുടുംബാംഗങ്ങളിൽ ഒരാളാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്.

ഫോക്സ് ന്യൂസ് അഫിലിയേറ്റായ ഡബ്ല്യുബിആർസി 6ലെ പ്രമുഖ റിപ്പോർട്ടറായിരുന്നു ക്രിസ്റ്റീന.പിന്നീട് അധ്യാപന മേഖലയിലേക്ക് മാറിയെങ്കിലും സ്പോർട്സിനോടുള്ള താൽപര്യം കാരണം ഫ്രീലാൻസ് സൈഡ്‌ലൈൻ റിപ്പോർട്ടറായി തുടർന്നിരുന്നു.ഹൈസ്കൂൾ, കോളജ് ഫുട്ബോൾ മത്സരങ്ങളുടെ റിപ്പോർട്ടിങ്ങിലൂടെ പ്രാദേശികമായി ശ്രദ്ധനേടിയിരുന്നു. ജോണി റൈംസ് സ്വകാര്യ കമ്പനിയിൽ ഫിനാൻഷ്യൽ അനലിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു.