ലോകത്തെ അമ്പരപ്പിച്ച് ട്രംപ് ഭരണകൂടം തായ്‌വാന് 11 ബില്യൺ ഡോളറിന്റെ ആയുധങ്ങൾ നൽകാൻ യു.എസ്

Friday 19 December 2025 1:29 AM IST

തായ്പേയ്: തായ്‌വാനുമായി ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ ഇടപാട് പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം. 11.1 ബില്യൺ ഡോളറിന്റെ(ഒരു ലക്ഷം കോടി രൂപ) ആയുധ ഇടപാടാണ് പ്രഖ്യാപിച്ചത്. പ്രസിഡന്റ് ട്രംപ് അധികാരമേറ്റ ശേഷം നടന്ന രണ്ടാമത്തെ വലിയ ആയുധ ഇടപാടാണിത്. യുക്രെയ്നിൽ പരീക്ഷിച്ച ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റംസ് (എച്ച്.ഐ.എം.എ.ആ‌ർ.എസ്), ഹൗവിറ്റ്സർ ആർട്ടിലറി, ആന്റി-ടാങ്ക് മിസൈലുകൾ, ലോയിറ്ററിങ് മുനിഷൻസ് (സൂയിസൈഡ് ഡ്രോണുകൾ), മിലിട്ടറി സോഫ്റ്റ്‌വെയർ, നിരീക്ഷണ ഡ്രോണുകൾ,​ നിലവിലുള്ള ഉപകരണങ്ങൾക്കുള്ള സ്‌പെയർ പാർട്സുകൾ തുടങ്ങി വൻ ഇടപാടുകളാണ് കരാറിലുള്ളത്.ഒരു മാസത്തിനകം ആയുധ വിൽപ്പന പ്രാബല്യത്തിൽ വരുമെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു.

തായ്‌വാൻ പ്രസിഡന്റ് ലായ് ചിങ്-തെ നവംബറിൽ പ്രഖ്യാപിച്ച 40 ബില്യൻ ഡോളർ പ്രതിരോധ ബജറ്റിന്റെ ഭാഗമായുള്ള ഇടപാടിനാണ് ട്രംപ് ഭരണകൂടം പച്ചക്കൊടി കാട്ടിയത്.'ഇത് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച രണ്ടാമത്തെ വമ്പൻ ആയുധ വിൽപ്പനയാണ്. ഇത് തായ്‌വാന്റെ സുരക്ഷയോടുള്ള യുഎസ് പ്രതിബദ്ധത ഒരിക്കൽക്കൂടി വ്യക്തമാക്കുന്നു.' തായ്‌വാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ചൈനയുടെ ശക്തമായ സൈനിക ഭീഷണി നേരിടാൻ തായ്‌വാന് ശക്തിയേകുന്നതാണ് ഈ കരാർ.

തായ്‌വാനെ ആക്രമിച്ചാൽ ജപ്പാനും ഇടപെടുമെന്ന ജാപ്പനീസ് പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഈ ഇടപാട് എന്നതും ശ്രദ്ധേയമായി.

അതിനിടെ കരാറിനെ രൂക്ഷമായി വിമർശിച്ച് ചൈന രംഗത്തെത്തി. ഇത് തങ്ങളുടെ പരമാധികാരത്തിനും തായ്‌വാൻ കടലിടുക്കിലെ സമാധാനത്തിനും ഭീഷണിയാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. അതേസമയം തായ്‌വാൻ പ്രതിരോധ മന്ത്രാലയം ഈ ഇടപാടിനെ സ്വാഗതം ചെയ്തു. ഇത് രാജ്യത്തിന്റെ യുദ്ധശേഷി വർധിപ്പിക്കുമെന്നാണ് തായ്‌വാൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതികരണം.