50 ലക്ഷം തട്ടി; അഞ്ച് പേർക്കെതിരെ കേസ്

Friday 19 December 2025 2:44 AM IST

കൊച്ചി: സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ ഉയർന്ന പലിശ നൽകാമെന്ന് വിശ്വസിപ്പിച്ച് എറണാകുളം സ്വദേശിയിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു. കോതമംഗലം ഭാരത് ലജ്ന ഹൗസിംഗ് കോ ഓപപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരായ സോണിയ സെബാസ്റ്റ്യൻ, നിഥിൻ, ഗിരീഷ്, അലൻ, അലക്സ് എന്നിവർക്കെതിരെയാണ് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്.

എറണാകുളം നോർത്ത് സെന്റ് ബെനഡിക്ട് റോഡിൽ റാം മന്ദിർ വീട്ടിൽ ഉമേഷ് കുമാർ (64) ആണ് തട്ടിപ്പിനിരയായത്. സൊസൈറ്റിയിൽ പണം നിക്ഷേപിച്ചാൽ 12 ശതമാനം പലിശ നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതുപ്രകാരം 2022 മാർച്ച് 15ന് ഉമേഷ് കുമാർ തന്റെ ഐ.സി.ഐ.സി.ഐ ബാങ്കിലെ മരട് ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്നും പ്രതിയായ സോണിയ സെബാസ്റ്റ്യന്റെ ആക്സിസ് ബാങ്ക് കോതമംഗലം ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തു നൽകി.

എന്നാൽ ഇതുവരെ വാഗ്ദാനം ചെയ്ത പലിശയോ തട്ടിയെടുത്ത തുകയോ ഉമേഷ് കുമാറിന് നൽകിയില്ല. ഇതേതുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.