വാളയാറിലെ ആൾക്കൂട്ട മർദനം; രാം നാരായണൻ കേരളത്തിലെത്തിയത് ഒരാഴ്ച മുമ്പ്, മാനസിക പ്രശ്നമുള്ളയാളെന്ന് സൂചന

Friday 19 December 2025 8:16 AM IST

പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന്. ഛത്തിസ്ഗഢ് സ്വദേശി രാം നാരായണനാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽവച്ചായിരിക്കും പോസ്റ്റ്‌മോർട്ടം നടത്തുക.

മരണകാരണം വ്യക്തമായാൽ തുടർനടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ഒരാഴ്ച മുമ്പാണ് രാം നാരായണൻ കേരളത്തിലെത്തിയത്. ഇയാൾക്ക് മാനസിക പ്രശ്നമുണ്ടായിരുന്നുവെന്നാണ് വിവരം. മോഷണക്കുറ്റം ആരോപിച്ചാണ് രാം നാരായണനെ നാട്ടുകാർ മർദിച്ചത്.

മർദ്ദനമേറ്റ് അവശനായ രാം നാരായണനെ ഇന്നലെ വൈകിട്ടാണ് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ചോര ഛർദിച്ചിരുന്നു. രാത്രിയോടെ മരണം സംഭവിച്ചു. സംഭവത്തിൽ ആറ് പേരെ കസ്റ്റഡിയിലെടുത്തു.