മോദിയും ഫ്രീക്കനായോ? ഒമാൻ സന്ദർശന ചിത്രങ്ങൾ പുറത്തുവന്നപ്പോൾ അതിശയം, പിന്നീട് അത് ചിരിയായി
ന്യൂഡൽഹി: വസ്ത്രധാരണത്തിൽ ഉൾപ്പെടെ സ്റ്റൈലിൽ അതീവ ശ്രദ്ധാലുവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിൽ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം ഒരുക്കവുമല്ല. ഏതുരാജ്യത്തുപോയാലും അദ്ദേഹം വസ്ത്രധാരണത്തിന്റെ സ്റ്റൈൽ മാറ്റാറുമില്ല. കഴിഞ്ഞദിവസം ഒമാനിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയപ്പോഴുള്ള മോദിയുടെ ലുക്കാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഇപ്പോഴത്തെ സജീവ ചർച്ച.
ഒമാനിലെത്തിയ പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സെയ്ദാണ് മോദിയെ സ്വീകരിക്കാൻ എത്തിയത്. ഗാർഡ് ഒഫ് ഓണറും പരമ്പരാഗത നൃത്തവുമായി വൻ സ്വീകരണമായിരുന്നു ഒരുക്കിയത്. ഈ സമയത്താണ് മോദിയുടെ ഇടതുചെവിയിലെ 'കമ്മൽ' വ്യക്തമായത്. ചിത്രങ്ങൾ പുറത്തുവന്നതോടെ ഊഹാപോഹങ്ങളുടെ കുത്തൊഴുക്കായിരുന്നു. മോദിയുടെ പുതിയ ഫ്രീക്ക് സ്റ്റൈൽ എന്നരീതിയിലായിരുന്നു കൂടുതൽ പ്രചാരണം. ഔദ്യോഗിക പരിപാടികളിൽ വേഷവിധാനത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും മോദി തയ്യാറല്ലെന്ന് എല്ലാവർക്കും അറിയാം. പക്ഷേ, പാശ്ചാത്യ രീതികളോട് അത്രയ്ക്കങ്ങ് ഇഷ്ടമില്ലാത്ത അദ്ദേഹം ഇത്തരം ഫ്രീക്ക് സ്റ്റൈൽ സ്വീകരിക്കുമോ എന്നകാര്യത്തിൽ പലരും നെറ്റിചുളിച്ചു. എങ്കിലും പ്രധാനമന്ത്രി ഫ്രീക്കൻ സ്റ്റൈൽ പിന്തുടർന്നു എന്നുതന്നെ ഭൂരിപക്ഷവും കരുതി. പിന്നീടാണ് സംഭവത്തിന്റെ സത്യാവസ്ഥ മനസിലായത്.
മോദിയുടെ ഒറ്റക്കാതിലെ കമ്മൽ എന്ന് തെറ്റിദ്ധരിച്ചത് സ്ഥാനം തെറ്റിയ തത്സമയ വിവർത്തന ഉപകരണമായിരുന്നു. മറ്റുരാജ്യങ്ങളിൽ പോകുന്ന രാഷ്ട്രത്തലവന്മാരിൽ ഒട്ടുമിക്കവരും ആശയവിനിമയം സുഗമമാക്കുന്നതിന് ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്. പ്രത്യേകിച്ചും ഉന്നത നയതന്ത്രതലത്തിലെ ഇടപെടലുകൾ ആവശ്യമുള്ളപ്പോൾ.സ്റ്റൈലിൽ അതീവ ശ്രദ്ധയുള്ള മോദി അത്തരം ഉപകരണങ്ങൾ പുറത്തുകാണാത്ത രീതിയിലാണ് ധരിക്കുന്നത്.
എന്നാൽ ഒമാൻ സന്ദർശനത്തിനിടെ മോദിയുടെ ഇടതുചെവിയിലെ ഉപകരണം സ്ഥാനംതെറ്റി അല്പം താഴേക്ക് തള്ളിനിൽക്കുകയായിരുന്നു. ഇതുകണ്ടാണ് കമ്മലാണെന്ന് തെറ്റിദ്ധരിച്ചത്. സയ്യിദ് ഷിഹാബ് ബിൻ താരിഖുമായുളള കൂടിക്കാഴ്ചയിലുടനീളം മോദി ഈ ഉപകരണം ധരിച്ചിരുന്നു. ഒമാന്റെ ഔദ്യോഗിക ഭാഷ അറബിയാണ്. അവിടത്തെ ഭരണാധികാരികളിൽ പലർക്കും ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഭാഷകൾ അത്രത്തോളം വഴങ്ങാറില്ല. അതിനാൽ അവർ തങ്ങളുടെ സ്വന്തം ഭാഷയാണ് ആശയവിനിമയത്തിന് ഉപയോഗിക്കുന്നത്. അക്കാരണം കൊണ്ടാണ് മോദി വിവർത്തന ഉപകരണം ധരിച്ചത്.