ടി പി വധക്കേസ് പ്രതി രജീഷ് വീണ്ടും പുറത്തേക്ക്; മൂന്ന് മാസത്തിനിടെ പരോൾ കിട്ടുന്നത് രണ്ടാം തവണ
കണ്ണൂർ: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതി ടി കെ രജീഷിന് വീണ്ടും പരോൾ അനുവദിച്ചു. 20 ദിവസത്തേക്കാണ് പരോൾ നൽകിയിരിക്കുന്നത്. ജനുവരി പത്തിന് തിരിച്ച് ജയിലിലെത്തണം. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് രജീഷിന് പരോൾ ലഭിക്കുന്നത്.
കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്. ടി പി വധക്കേസിൽ കഴിഞ്ഞ ഓഗസ്റ്റ് ഒന്ന് മുതൽ 30 ദിവസത്തേക്ക് രജീഷിന് പരോൾ അനുവദിച്ചിരുന്നു. തുടർന്ന് തിരികെ ജയിലിലെത്തിയ ശേഷം ഒന്നര മാസം കണ്ണൂർ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ മാസം ഏഴിനാണ് ചികിത്സ കഴിഞ്ഞ് ജയിലിലെത്തിയത്.
ടി പി വധക്കേസിലെ ശിക്ഷാതടവുകാരായ കൊടി സുനി ഉൾപ്പെടെയുള്ളവർക്ക് ആവശ്യാനുസരണം പരോൾ അനുവദിക്കുന്നതിന് ജയിൽ ഡിഐജി വിനോദ് കുമാർ കൈക്കൂലി വാങ്ങിയതായുള്ള തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടുതവണ പരോൾ കിട്ടുന്നത്. പരോളിനും ജയിലിൽ സൗകര്യം ഒരുക്കാനും ഡിഐജി വിനോദ് കുമാർ തടവുകാരുടെ ബന്ധുക്കളിൽ നിന്ന് ലക്ഷങ്ങൾ വാങ്ങുന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു.
കണ്ണൂർ സ്വദേശിയായ രജീഷ് എറണാകുളം ജില്ലയിലുള്ള വിലാസമാണ് ജയിലിൽ നൽകിയിട്ടുള്ളത്. അതിനാൽ എറണാകുളം ജില്ല വിട്ടുപോകരുതെന്ന് പരോൾ വ്യവസ്ഥയിലുണ്ട്. ടി പി വധക്കേസ് പ്രതി കൊടി സുനിക്ക് ഏഴ് മാസത്തിനിടെ 60 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. 2024 ഡിസംബർ മുതൽ ജൂലായ് വരെ മൂന്ന് പരോളുകളാണ് സുനിക്ക് ജയിൽ വകുപ്പ് അനുവദിച്ചത്.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രത്യേക ശിക്ഷാ ഇളവ് നൽകേണ്ട തടവുകാരുടെ പട്ടികയിൽ ടി പി വധക്കേസ് പ്രതികളെയും ഉൾപ്പെടുത്തിയത് വലിയ വിവാദമായിരുന്നു.