റെയിൽവേ ട്രാക്കിലൂടെ 'ഥാർ' ഓടിച്ചു; 65കാരൻ അറസ്റ്റിൽ, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ദിമാപുർ: റോഡിലെ അമിതവേഗതയും വാഹനാഭ്യാസങ്ങളും സ്ഥിരം സംഭവങ്ങളായി മാറുമ്പോൾ ഇതേ തുടർന്നുണ്ടാകുന്ന അപകടങ്ങളിൽ നിരവധി പേരുടെ ജീവനുകളാണ് ഓരോ ദിവസവും നിരത്തിൽ പൊലിയുന്നത്. സോഷ്യൽ മീഡിയിയൽ വൈറലാകാൻ സ്വന്തം ജീവൻ പണയപ്പെടുത്തി സാഹസികത കാണിക്കുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല. ഇപ്പോഴിതാ റെയിൽവേ ട്രാക്കിലൂടെ ഥാർ ഓടിച്ചുകയറ്റിയ 65കാരന്റെ സാഹസികത നിറഞ്ഞ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
നാഗാലാൻഡിലെ ദിമാപ്പൂർ റെയിൽവേ സ്റ്റേഷന് സമീപം 16ന് രാത്രിയായിരുന്നു സംഭവം. തെപ്ഫുനെയ്റ്റ്‌വോ എന്നയാളാണ് വാഹനമോടിച്ചിരുന്നത്. വാഹനം ട്രാക്കിലൂടെ പോകുന്നതിനിടെയാണ് റെയിൽവേ ജീവനക്കാരും ആർപിഎഫും ചേർന്ന് ഇയാളെ പിടികൂടിയത്. പിന്നീട് വാഹനം പാളത്തിൽ കുടുങ്ങിയതോടെ കൃത്യസമയത്ത് അധികൃതർക്ക് ഇടപെടാൻ കഴിഞ്ഞതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
വാഹനം റെയിൽവേസ്റ്റേഷന് പുറത്തെത്തിച്ചതിനു പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റു ചെയുതു. അശ്രദ്ധമായി വാഹനം ഓടിച്ചതിനും പൊതുമുതൽ നശിപ്പിക്കാൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. റെയിൽവേ പൊലീസും കേസെടുത്തു. ഡ്രൈവർ മദ്യപിച്ചിരുന്നതായും സംശയങ്ങൾ ഉയരുന്നുണ്ട്.
ട്രെയിൻ വരുന്ന സമയത്തായിരുന്നുവെങ്കിൽ വലിയൊരു ദുരന്തം സംഭവിക്കുമായിരുന്നുവെന്ന് പലരും ചൂണ്ടിക്കാട്ടി. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തിയതിനും റെയിൽവേ സ്വത്തുവകകൾക്ക് നാശനഷ്ടം വരുത്താൻ ശ്രമിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കും.