2026ൽ ഈ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ശമ്പളം വർദ്ധിക്കും, വിദേശത്തും നാട്ടിലും ഭാഗ്യവാന്മാർ ഇവരാണ്
2026 പടിവാതിൽക്കൽ എത്തിനിൽക്കെ തങ്ങളുടെ ശമ്പള വർദ്ധനവിനെക്കുറിച്ചറിയാനാണ് ഇന്ത്യയിലെ ജീവനക്കാർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. നിക്ഷേപ കൺസൾട്ടിംഗ് സ്ഥാപനമായ മെർസർ പുറത്തുവിട്ട പുതിയ സർവേ പ്രകാരം വരും വർഷം ഇന്ത്യൻ കമ്പനികൾ ശരാശരി ഒമ്പത് ശതമാനം ശമ്പള വർദ്ധനവ് നൽകാൻ സാദ്ധ്യതയുണ്ടെന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ ഉണ്ടാകുന്ന വർദ്ധനവ് എല്ലാ മേഖലകളിലും ഒരുപോലെയായിരിക്കില്ല. അടുത്ത വർഷം ജീവനക്കാരെക്കാൾ തൊഴിലുടമകൾ ആധിപത്യം പുലർത്തുന്നത് തുടരും. രാജ്യത്തുടനീളമുള്ള 1,500 കമ്പനികളിലെ എണ്ണായിരത്തോളം തസ്തികകളിലാണ് നിലവിലുള്ള ശമ്പള നിരക്കുകൾ സർവേ പരിശോധിച്ചത്.
റിപ്പോർട്ടുകൾ പ്രകാരം എഞ്ചിനീയറിംഗ് മേഖലകളിലുള്ളവർക്കായിരിക്കും വരും വർഷം നേട്ടമുണ്ടാകുക. 9.5 ശതമാനം വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. പ്രോഡ്രക്ട്, കൺസൾട്ടിംഗിൽ 9.3ശതമാനം വർദ്ധനവ് ഉണ്ടാകും. ഐടി, ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകൾ (ജിസിസി) തുടങ്ങിയ മേഖലകളിൽ ശമ്പളത്തേക്കാൾ കൂടുതൽ ജീവനക്കാരുടെ ക്ഷേമത്തിനും മറ്റ് ആനുകൂല്യങ്ങൾക്കുമായിരിക്കും മുൻഗണന നൽകുക. ലൈഫ് സയൻസ്, റീട്ടെയിൽ മേഖലകളിൽ ശമ്പളവർദ്ധനവ് കാര്യമായി ഉണ്ടാവില്ല.
പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിലൂടെ ജീവനക്കാരുടെ കൈയ്യിൽ കിട്ടുന്ന ശമ്പളം കുറയാൻ കാരണമായേക്കാം. നിയമമനുസരിച്ച് കമ്പനികൾ പിഎഫ് പോലെയുള്ള സാമൂഹിക സുരക്ഷാ പദ്ധതികളിലേക്ക് കൂടുതൽ തുക വിഹിതം നൽകേണ്ടി വരും. ഇതിലൂടെ ജീവനക്കാരുടെ നികുതി വരുമാനത്തെ ബാധിക്കുകയും കൈയ്യിൽ കിട്ടുന്ന ശമ്പളം കുറയ്ക്കുകയും ചെയ്യും. 40 വയസിന് മുകളിലുള്ള ജീവനക്കാർക്ക് സൗജന്യ വൈദ്യപരിശോധന നൽകണമെന്നത് അടക്കമുള്ള വ്യവസ്ഥകൾ കമ്പനികളുടെ ചെലവ് വർദ്ധിപ്പിക്കും. ഇത് ലാഭവിഹിതത്തെ ബാധിച്ചേക്കാം.
2026ൽ കമ്പനികളുടെ തീരുമാനങ്ങളിൽ എഐ വലിയ സ്വാധീനം ചെലുത്തും. കഴിവുള്ളവർക്ക് മാത്രമായിരിക്കും ഉയർന്ന പ്രതിഫലം ലഭിക്കുക. ഡിജിറ്റൽ സ്‌കിൽ പ്രാധാനമാണ്. സൈബർ സെക്യൂരിറ്റി, ക്ലൗഡ് ആർക്കിടെക്ചർ, എഐ ഇന്റഗ്രേഷൻ, ഡാറ്റ ഹാൻഡ്‌ലിംഗ് എന്നിവയിൽ കഴിവുള്ളവർക്ക് ഉയർന്ന ശമ്പളം ലഭിക്കും.
ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ (ഇവി) ടെക്നീഷ്യൻമാർ, ഡ്രോൺ പൈലറ്റിംഗ്, ഓട്ടോമേറ്റഡ് മാനുഫാക്ചറിംഗ് ഓപ്പറേറ്റർമാർ എന്നിവർക്കും വലിയ ഡിമാൻഡ് ഉണ്ടാകും. ജോലി ചെയ്യുന്ന തസ്തികയേക്കാൾ, വ്യക്തിയുടെ കൈവശമുള്ള പ്രത്യേക കഴിവുകൾ അനുസരിച്ചായിരിക്കും ശമ്പളം നിശ്ചയിക്കുക.
തൊഴിലുടമകൾക്ക് വിപണിയിൽ മേൽകൈയുള്ള വർഷമായിരിക്കും 2026. അതിനാൽ തന്നെ കമ്പനികൾ പുതിയ നിയമനങ്ങളിൽ ജാഗ്രത പാലിക്കണ്ടേതുണ്ട്. മികച്ച പ്രകടനം നടത്തുന്നവർക്ക് ബോണസും മറ്റ് ഇൻസെന്റീവുകളും നൽകണം. ജീവനക്കാർ പുതിയ കഴിവുകൾ പഠിക്കുന്നുണ്ടെന്ന കാര്യത്തിൽ ഉറപ്പുവരുത്തുകയും ചെയ്യണം.
പണപ്പെരുപ്പവും കമ്പനികളുടെ സാമ്പത്തിക ഭദ്രതയും പരിഗണിച്ചായിരിക്കും ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക. എഐ സാങ്കേതികവിദ്യ കൈകാര്യം ചെയ്യാൻ പഠിക്കുന്നവർക്കും സാങ്കേതിക മേഖലകളിൽ സ്‌പെഷ്യലൈസ് ചെയ്തവർക്കും 2026 മികച്ച അവസരങ്ങളായിരിക്കും നൽകുക.