വയനാട്ടിലെ ഇപ്പോഴത്തെ സാഹചര്യം എന്തെന്ന് മോദി; താൻ മലയാളം പഠിക്കുന്നുവെന്ന് പ്രിയങ്ക

Friday 19 December 2025 2:45 PM IST

ന്യൂഡൽഹി: പാർലമെന്റ് സമ്മേളനം അവസാനിക്കവെ എംപിമാരുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ പ്രിയങ്ക ഗാന്ധിയോട് വയനാട്ടിലെ വിവരങ്ങൾ തിരക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തമേറ്റുവാങ്ങിയ വയനാടിന്റെ ഇപ്പോഴത്തെ സാഹചര്യം എന്താണെന്ന് മോദി പ്രിയങ്കയോട് ചോദിച്ചു. പുനരധിവാസ വിഷയങ്ങൾ ഉൾപ്പെടെ പ്രിയങ്ക ചൂണ്ടിക്കാട്ടി. ദുരന്തത്തിന് ശേഷമുള്ള വയനാട്ടിലെ സാഹചര്യം പ്രിയങ്ക, പ്രധാനമന്ത്രിയോട് വിശദീകരിച്ചു.

എന്നാൽ, കേന്ദ്ര ഫണ്ടിന്റെ കാര്യത്തിൽ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നാണ് വിവരം. താൻ മലയാളം പഠിക്കുകയാണെന്ന് പ്രിയങ്ക പ്രധാനമന്ത്രിയോട് പറഞ്ഞു. അതിനിടെ കൊല്ലം എംപിയായ എൻകെ പ്രേമചന്ദ്രനെ നരേന്ദ്രമോദി പുകഴ്‌ത്തുകയും ചെയ്‌തു. നന്നായി ഗൃഹപാഠം ചെയ്‌ത് സഭയിൽ വരുന്ന നേതാവാണ് പ്രേമചന്ദ്രനെന്നാണ് മോദി പറഞ്ഞത്.

അതേസമയം, വയനാട് പുനരധിവാസത്തിനായി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 529.50 കോടിയുടെ മൂലധന നിക്ഷേപ വായ്‌പ കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നു. ടൗൺഷിപ്പ് അടക്കം 16 പദ്ധതികൾക്കാണ് വായ്‌പ അനുവദിച്ചത്. പലിശയില്ലാത്ത വായ്‌പ 50 വർഷം കൊണ്ട് തിരിച്ചടച്ചാൽ മതി. ഇക്കാര്യം അറിയിച്ച് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് കേന്ദ്രം കത്തയച്ചത്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗൺഷിപ്പുകളിൽ പൊതു കെട്ടിടങ്ങളും റോഡും പാലവും സ്‌കൂളും പുനർനിർമിക്കുന്നതിനാണ് കേന്ദ്ര സഹായം.

മാർച്ച് 31നകം പണം ഉപയോഗിക്കണമെന്നാണ് നിർദേശം. സാമ്പത്തിക വർഷത്തിന്റെ അവസാന സമയത്തിൽ പണം അനുവദിച്ച ശേഷം ചെലവ് കാണിക്കണമെന്ന നിർദേശം പ്രായോഗികമല്ലെന്നാണ് ധനവകുപ്പ് പ്രതികരിച്ചത്.