പുതിയ വസ്‌ത്രങ്ങൾ വാങ്ങുമ്പോൾ ഇക്കാര്യം മറക്കരുത്; ഇല്ലെങ്കിൽ വലിയ പണികിട്ടും

Friday 19 December 2025 4:15 PM IST

പുതിയ വസ്‌ത്രങ്ങൾ വാങ്ങി വീട്ടിലെത്തിയാലുടൻ അത് അണിഞ്ഞ് നോക്കുന്ന ശീലം പലർക്കുമുണ്ട്. മറ്റ് ചിലരാണെങ്കിൽ കടയിൽ നിന്ന് വാങ്ങുന്ന വസ്‌ത്രം കഴുകാതെ തന്നെ പാകം വരുത്തി ഉപയോഗിക്കും. എന്നാൽ ഇങ്ങനെ ചെയ്യുന്നത് വളരെയധികം ദോഷം ചെയ്യും.

പല ഘട്ടങ്ങളിലായി വിവിധ മെഷീനുകളിലൂടെ കയറിയിറങ്ങി വരുന്ന തുണിത്തരങ്ങളിൽ ധാരാളം രാസ പദാ‌ർത്ഥങ്ങളും പൊടിപടലങ്ങളും പറ്റിയിരിപ്പുണ്ടാകാം. ഇവ ചർമ്മത്തിലെ ചെറിയ സുഷിരങ്ങളിലൂടെ ശരീരത്തിന് ഉള്ളിലേക്ക് പ്രവേശിച്ച് വലിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. അലർജി, ശ്വാസകോശപ്രശ്‌നങ്ങൾ, ചർമ്മ രോഗങ്ങൾ എന്നിവയ്‌ക്കും ഇവ കാരണമാകാം.

നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ചില പുതിയ വസ്ത്രങ്ങളിൽ സ്റ്റാഫൈലോകോക്കസ് ഓറിയസ് പോലുള്ള ബാക്ടീരിയകൾ അടങ്ങിയിരിക്കാം. ഇത് ചർമ്മത്തിൽ അണുബാധകൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.

വസ്ത്രങ്ങൾ നിർമ്മിക്കുന്നത് വലിയ ഫാക്ടറികളിലാണ്. വസ്ത്ര നിർമ്മാതാക്കൾ തുണിയുടെ രൂപം, ഘടന, ഈട് എന്നിവ വർദ്ധിപ്പിക്കുന്നതിന് ഉൽ‌പാദന പ്രക്രിയയിൽ വിവിധ രാസവസ്തുക്കൾ ഉപയോഗിക്കാറുണ്ടെന്ന് പറയപ്പെടുന്നു.

ഉദാഹരണത്തിന്, ചുളിവുകൾ തടയാൻ ഫോർമാൽഡിഹൈഡ് പോലെ അലർജി പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാകുന്ന ചായങ്ങൾ ഉപയോഗിക്കാറുണ്ട്. അതിനാൽ ഇവ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സോപ്പ് ഉപയോഗിച്ച് കഴുകി വെയിലത്തിട്ട് ഉണക്കിയെടുത്ത ശേഷം മാത്രമെ പുതിയ വസ്‌ത്രങ്ങൾ ഉപയോഗിക്കാൻ പാടുള്ളു. കുട്ടികളുടെ കാര്യത്തിൽ ഇത് പ്രത്യേകം ശ്രദ്ധിക്കണം.